തൊടുപുഴ: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ ‘ജോർജേട്ടൻസ് പൂര’ത്തിെൻറ ലൊക്കേഷനായിരുന്ന തൊടുപുഴ ശാന്തിഗിരി കോളജിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഷൂട്ടിങ്ങിനിടെ ഇവിടെ വെച്ചും ദിലീപ് പൾസർ സുനിയുമായി നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയ ദിലീപിനെ ബുധനാഴ്ച വൈകീട്ട് തെളിവെടുപ്പിനെത്തിച്ചത്.
2016 നവംബർ 14ന് ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൾസർ സുനിയും ദിലീപും ശാന്തിഗിരി കോളജിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോളജിലെ കപ്പേളക്ക് സമീപത്തുെവച്ചായിരുന്നു കൂടിക്കാഴ്ച. തെളിവെടുപ്പിനായി കപ്പേളക്ക് സമീപംവരെ ദിലീപുമായി വാഹനം എത്തിയെങ്കിലും ജനാവലി വാഹനത്തെ വളഞ്ഞതോടെ പുറത്തിറക്കാനായില്ല. തുടർന്ന് ദിലീപിനൊപ്പം വാഹനത്തിലുണ്ടായിരുന്ന അന്വേഷണ ഒദ്യോഗസ്ഥനായ സി.െഎ ബിജു പൗലോസ്, ദിലീപിൽനിന്ന് വിവരങ്ങളിൽ വ്യക്തത വരുത്തി മടങ്ങുകയായിരുന്നു.
സുനിയുമായി സംസാരിച്ച സ്ഥലം ദിലീപ് ചൂണ്ടിക്കാണിച്ച് കൊടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. വൈകുന്നേരം 4.27ന് ദിലീപുമായി കോളജിലെത്തിയ അന്വേഷണ സംഘം 4.31ന് മടങ്ങി. ജോർജേട്ടൻസ് പൂരം എന്ന സിനിമക്കുവേണ്ടി ദിലീപും നടി രജിഷ വിജയനും ചേർന്ന് പ്രാർഥിക്കുന്ന ദൃശ്യം ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് ഈ ലൊക്കേഷനിൽ അന്ന് ദിലീപ് എത്തിയത്. ഷൂട്ടിങ്ങിെൻറ ഇടവേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇവിടെ ദിലീപിനെ എത്തിച്ച് സ്ഥലം തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. അതിനാലാണ് വാഹനത്തിൽനിന്ന് പുറത്തിറക്കാതിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൂക്കിവിളിച്ചും കരിങ്കൊടി വീശിയുമാണ് ദിലീപിനെ വഹിച്ചുള്ള വാഹന വ്യൂഹത്തെ ജനം എതിരേറ്റത്. കോളജ് വിദ്യാർഥികളും സംഭവമറിഞ്ഞ് ആയിരത്തോളം നാട്ടുകാരും തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിനുശേഷം ഏറെ ബുദ്ധിമുട്ടിയാണ് ദിലീപുമായി വാഹനം തൊടുപുഴ വെങ്ങല്ലൂർ ബൈപാസുവരെ എത്തിയത്. അമ്പതിലധികം വാഹനങ്ങളിലായി കാഴ്ചക്കാരായി നാട്ടുകാർ, ദിലീപ് സഞ്ചരിച്ച വാഹനത്തിന് മുന്നിലും പിന്നിലുമായി പിന്തുടർന്നതാണ് ഗതാഗത തടസ്സത്തിനു കാരണമായത്. വാഹനം തിരികെ പോകുമ്പോൾ ഇരുവശത്തും നീങ്ങിയ പെൺകുട്ടികളടക്കം കോളജ് വിദ്യാർഥികൾ കൂക്കിവിളിച്ചു. കോളജിനു പുറത്ത് ഗേറ്റിന് മുന്നിൽ വെച്ച് നാട്ടുകാർ വാഹനം തടഞ്ഞും ബഹളം വെച്ചു. സുരക്ഷക്കായി ഉണ്ടായിരുന്ന പൊലീസുകാർ ഇവരെ നീക്കം ചെയ്ത ശേഷമാണ് ദിലീപുമായി വന്ന പൊലീസ് വാഹനത്തിനു കടന്നുപോകാൻ അവസരമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.