ബംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാരത്തിലെ സാക്ഷിയും പിന്നീട് പ്രതിയുമായ മുൻ ശുചീകരണ തൊഴിലാളി മാണ്ഡ്യയിലെ ചിന്നയ്യ പറഞ്ഞതിനെക്കാൾ തെളിവുകൾ അവകാശപ്പെട്ട് ഹൈകോടതിയിൽ ഹരജി. മൃതദേഹങ്ങൾ സംസ്കരിച്ച കൂടുതൽ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിന്നയ്യ തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സൗജന്യയുടെ അമ്മാവന്മാരായ പുരന്ദര ഗൗഡയും തുക്കാറാം ഗൗഡയുമാണ് ഹരജി സമർപ്പിച്ചത്.
പ്രോസിക്യൂഷൻ വാദം കേട്ട കോടതി തുടർവാദം ഈ മാസം 26ലേക്ക് മാറ്റി. ധർമസ്ഥലയിലെ ശ്മശാന സ്ഥലങ്ങൾ പരിശോധിക്കാനും കുഴിച്ചെടുക്കാനും എസ്.ഐ.ടിക്ക് നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ സംസ്കരിച്ച കൂടുതൽ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരാതിക്കാരനായ ചിന്നയ്യ തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ഹരജിക്കാർ അവകാശപ്പെട്ടു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ കൂട്ട ശവസംസ്കാരങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് ആഗസ്റ്റ് 23ന് ചിന്നയ്യയെ അറസ്റ്റ് ചെയ്തതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എൻ. ജഗദീഷ വാദം കേൾക്കുന്നതിനിടെ കോടതിയെ അറിയിച്ചു.
കൂട്ട ശവസംസ്കാരം എന്ന ആരോപണം ഗൂഢാലോചനയാണെന്ന് തോന്നുന്നു എന്ന് ജഗദീഷ് പറഞ്ഞു, അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് കൂട്ടിച്ചേർത്തു. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ തന്നെ നിർബന്ധിച്ചുവെന്ന് ചിന്നയ്യ നേരത്തേ അവകാശപ്പെട്ടിരുന്നു. ദരിദ്രരായ പുരുഷന്മാരുടെ മൃതദേഹങ്ങൾ താൻ സംസ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം, അസ്ഥികൂട അവശിഷ്ടങ്ങളും കുഴിച്ചെടുത്ത സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്ത തലയോട്ടിയും പുരുഷന്മാരുടേതാണെന്ന് ജഗദീഷ കോടതിയെ അറിയിച്ചു. ഇത് ചിന്നയ്യയുടെ വാദങ്ങൾക്ക് വിരുദ്ധമാണ്. 2014 വരെ ധർമസ്ഥലയിൽ ശുചീകരണ ജോലിക്കാരനായി ജോലി ചെയ്തിരുന്നതായി ചിന്നയ്യ സമ്മതിച്ചിട്ടുണ്ടെന്നും ആ സമയത്ത് സംസ്കരിച്ച മൃതദേഹങ്ങൾ പൊലീസിന്റെ വൈദ്യപരിശോധനക്കും വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ പുതിയ മൊഴി ഒരു മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും.
ചിന്നയ്യയുടെ പ്രസ്താവനകളുമായി ബന്ധമില്ലാത്ത സ്വതന്ത്രമായ വിവരങ്ങൾ ഹരജിക്കാർക്ക് ഉണ്ടെങ്കിൽ കാര്യം വ്യത്യസ്തമായിരിക്കുമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന നിരീക്ഷിച്ചു. ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദീപക് ഖോസ്ല, കൂടുതൽ സ്വതന്ത്രമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അവ സമർപ്പിക്കാൻ സമയം വേണമെന്നും പറഞ്ഞു.
തെളിവുകളിൽ തൃപ്തിപ്പെടാത്ത പക്ഷം അത്തരം പ്രതിനിധാനങ്ങളിൽ നടപടിയെടുക്കാൻ എസ്.ഐ.ടിയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു,വിവേചനരഹിതമായ നിർദേശങ്ങൾ ‘പണ്ടോറയുടെ പെട്ടി’ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.