ബംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ബംഗളൂരുവിൽ യുവാവ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. വിരമിച്ച നാവിക ഉദ്യോഗസ്ഥൻ നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യ ഡോ.ശ്യാമള ഭട്ട് (55) എന്നിവരാണ് മരിച്ചത്. ശ്യാമള ദന്തഡോക്ടറാണ്. വിജ്ഞാന നഗറിലെ ഇവരുടെ താമസസ്ഥലത്ത് വെച്ചാണ് ദമ്പതികൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ രോഹൻ ചന്ദ്ര ഭട്ടിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. വിജ്ഞാന നഗറിലെ താമസസ്ഥലത്ത് എത്തിയ മകൻ മാതാപിതാക്കളുമായി ഉണ്ടായ വഴക്കിനിടെ കത്തി കൊണ്ട് കുത്തുകയായിരുന്നു. രോഹന്റെ ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ രണ്ട് പേരും ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
ദമ്പതികളുടെ അതേ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഡോക്ടർ മാധവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമികാന്വേഷണത്തിൽ കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത രോഹനെ കോടതിക്ക് മുന്നിൽ ഹാജരാക്കും.
കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം ബൗറിങ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മകൾ യു.എസിൽ നിന്നും വന്ന ശേഷം പോസ്റ്റ് മോർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. ഇവരുടെ താമസസ്ഥലത്ത് നിന്നും പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.