എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിലും സജീവമായി തുടരുമെന്ന് കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കേന്ദ്രത്തില്‍ മാത്രമായി തന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എപ്പോള്‍ മടങ്ങണമെന്ന് ജനങ്ങളുടെ ആഗ്രഹമനുസരിച്ച് തീരുമാനിക്കുമെന്നും ഞാന്‍ എവിടെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം ഉത്തരവാദിത്തം ഏൽപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ല. ജെ.ഡി-എസ് എൻ.ഡി.എയുടെ ഭാഗമാണ്. അതിനുള്ളില്‍ ഒരുവിധത്തിലുള്ള ആശയക്കുഴപ്പവും അനുവദിക്കില്ല. കർണാടകയിൽ നല്ല ഭരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഷിദിലഘട്ട കേസിനെ അപലപിച്ച മന്ത്രി വിഷയം ചീഫ് സെക്രട്ടറിയെ അറിയിച്ചുവെന്നും ഇതുവരെ പ്രതികരണം ലഭിച്ചില്ലെന്നും പറഞ്ഞു.
രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നേതാക്കളും ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറരുത്. ഒന്നോ രണ്ടോ കേസുകളിൽ കർശന നടപടി സ്വീകരിച്ചാൽ അത് എല്ലാവർക്കും പാഠമാകും. നിയമവിരുദ്ധ പ്രവർത്തനം നടത്താൻ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ട്. സർക്കാർ ശരിയായി പ്രവർത്തിക്കാത്തപ്പോഴാണ് ഇത്തരം സംഭവം നടക്കുന്നത്. സ്ഥാനക്കയറ്റത്തിനോ നിയമനത്തിനോ വേണ്ടി ഉദ്യോഗസ്ഥർ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ അനന്തരഫലം നേരിടേണ്ടിവരുമെന്നും ജോലിയില്‍ സത്യസന്ധത പുലര്‍ത്തണമെന്നും കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.