പ്രവൃത്തികൾ പൂർത്തീകരിച്ച വൈറ്റ് ഫീൽഡ്- കെ.ആർ പുരം മെട്രോ പാത
ബംഗളൂരു: വൈറ്റ് ഫീൽഡ്- കെ.ആർ പുരം മെട്രോ പാതയിൽ പ്രവൃത്തികൾ പൂർത്തീകരിച്ചതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ. മെട്രോ സേഫ്റ്റി കമീഷണർ നിർദേശിച്ച പ്രവൃത്തികളാണിവ. വാണിജ്യ സർവിസ് തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ അഞ്ചു മെട്രോ ട്രെയിനുകൾ ഈ പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തിയിരുന്നു.
ഇതോടെ പാത പൊതുജനങ്ങൾക്കുവേണ്ടി തുറന്നുകൊടുക്കാൻ പൂർണ സജ്ജമായതായി അധികൃതർ അറിയിച്ചു. മാർച്ച് 25ന് കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ സർവിസ് തുടങ്ങുമെന്ന് സൂചനകളുണ്ട്.
പ്രവർത്തനം തുടങ്ങിയാൽ 12 മിനിറ്റിന്റെ ഇടവേളയിലാണ് പാതയിലൂടെ മെട്രോസർവിസുകളുണ്ടാകുക. കെ.ആർ പുരത്തുനിന്ന് വൈറ്റ്ഫീൽഡിലേക്ക് 24 മിനിറ്റിനുള്ളിൽ എത്താൻ കഴിയും. അഞ്ചു മെട്രോ ട്രെയിനുകൾ സർവിസിനായി കെ.ആർ. പുരത്ത് എത്തിച്ചിട്ടുണ്ട്.
മെട്രോ സർവിസ് തുടങ്ങിക്കഴിഞ്ഞാൽ പാതയിൽ ഉൾപ്പെടുന്ന മുഴുവൻ സ്റ്റേഷനുകളിൽനിന്നും സമീപപ്രദേശങ്ങളിലേക്ക് ബി.എം.ടി.സി ഫീഡർ സർവിസുകളും നടത്തും. ഇതിനായി ബി.എം.ആർ.സി.എൽ ബി.എം.ടി.സിയുമായി കരാറിലെത്തിയിരുന്നു. സൈക്കിൾ വാടകക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളിൽ സജ്ജീകരിക്കും.
എന്നാൽ, സർവിസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ മെട്രോ റെയിൽ കോർപറേഷൻ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. നേരത്തേ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അന്തിമഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. വൈറ്റ്ഫീൽഡ്-കെ.ആർ പുരം ലൈനിന് ആകെ 12.75 കിലോമീറ്ററാണ് ദൈർഘ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.