മംഗളൂരു: കാർക്കള റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയുർവേദ ചികിത്സയിലൂടെ രോഗിയായ ഭാര്യയെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ബെൽമാൻ ഗ്രാമത്തിലെ വയോധികനിൽനിന്ന് 12 ലക്ഷം രൂപ തട്ടിയതായി പരാതി. പരാതിക്കാരനായ റൊണാൾഡ് റോഡ്രിഗസ് (68) തന്റെ ഭാര്യ റോസിയെ അർബുദവും പക്ഷാഘാതവും ബാധിച്ച് മാർച്ച് 23 ന് ഫിസിയോ തെറപ്പിക്കായി മണിപ്പാലിലെ ആശുപത്രിയിൽ എത്തിയിരുന്നു.
കടിയാലിയിലെ ക്ഷേത്രത്തിന് സമീപ വാസി എന്ന് അവകാശപ്പെടുന്ന സിദ്ധാർഥ് എന്നയാളുമായി അദ്ദേഹം പരിചയപ്പെട്ടു. തന്റെ മാതാവിന് സമാന രോഗം ഭേദമായെന്നും ചികിത്സക്കായി മാധവ് എന്ന മറ്റൊരാളുടെ കോൺടാക്റ്റ് നമ്പർ നൽകിയെന്നും സിദ്ധാർഥ് പറഞ്ഞു. തുടർന്ന് റൊണാൾഡിനെ ചികിത്സാ ചെലവുകൾക്കായി ഘട്ടം ഘട്ടമായി പണം ട്രാൻസ്ഫർ ചെയ്യാൻ പ്രേരിപ്പിച്ചു.
അവരുടെ നിർദേശപ്രകാരം അനിൽ പവാറിന്റെ കൈവശമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗ്ൾ പേ വഴി പണം അയച്ചു. എ.ടി.എമ്മിൽ നിന്ന് 40,000 രൂപയും അദ്ദേഹം പിൻവലിച്ച് അതേ ദിവസം തന്നെ സിദ്ധാർഥിന് നേരിട്ട് കൈമാറി. തുടർന്ന്, പ്രതി ഉഡുപ്പിയിലെ ഒരു ആയുർവേദ കടയിലേക്ക് അയാളെ വിളിച്ചു.
അവിടെ അനിൽ എന്ന മറ്റൊരാളെ പരിചയപ്പെടുത്തി. അവരുടെ അവകാശവാദങ്ങൾ വിശ്വസിച്ച റൊണാൾഡ് തന്റെ എച്ച്ഡി.എഫ്സി ബാങ്ക് അക്കൗണ്ടിൽനിന്ന് മരുന്നുകൾക്കായി നാല് ചെക്കുകൾ നൽകി, ആകെ 10.8 ലക്ഷം രൂപ. പണം നൽകിയിട്ടും ഭാര്യയുടെ അവസ്ഥയിൽ പുരോഗതിയുണ്ടായില്ല. പിന്നീട് പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.ചികിത്സയുടെ മറവിൽ 12,09,160 രൂപ തട്ടിയെടുത്തതായി റൊണാൾഡ് ആരോപിച്ചു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, കാർക്കള റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.