ബംഗളൂരു: കർണാടക വിനോദ സഞ്ചാര വികസന കോർപറേഷന്റെ (കെ.എസ്.ടി.ഡി.സി) വയനാട് ടൂറിസം പാക്കേജിനെച്ചൊല്ലി വിവാദം. പാക്കേജിനെക്കുറിച്ച് കഴിഞ്ഞ ദിവസം ‘എക്സി’ൽ കെ.എസ്.ടി.ഡി.സി പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ, പ്രിയങ്ക ഗാന്ധി എം.പി പ്രതിനിധാനം ചെയ്യുന്ന വയനാടിനെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് ഹൈകമാൻഡിനെ പ്രീണിപ്പിച്ച് കസേര ഉറപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
വയനാടിന്റെ ജില്ല കലക്ടറെയും ഫണ്ട് ശേഖരണക്കാരനെയും പോലെ പെരുമാറുന്ന മുഖ്യമന്ത്രിയെ കർണാടക എത്രകാലം സഹിക്കുമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക ചോദിച്ചു. കർണാടകയിലെ നികുതിദായകരുടെ പണത്തിൽ നിന്നാണ് വയനാട്ടിലേക്ക് 10 കോടി രൂപ നൽകിയത്.
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്ടിൽ 100 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ കർണാടകയുടെ സ്വന്തം ടൂറിസം കോർപറേഷനായ കെ.എസ്.ടി.ഡി.സിയെ ഉപയോഗിച്ചുവെന്നും അശോക ‘എക്സി’ൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.