ബംഗളൂരു: ആഡംബര ലംബോർഗിനി ഹുറാകാൻ ഇവോയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് റാക്കറ്റ് കണ്ടെത്തിയതായി കർണാടക ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ. വ്യാജരേഖ ഉപയോഗിച്ച് റോഡ് നികുതിയും പിഴയുമടക്കം 37 ലക്ഷത്തിലധികം രൂപയാണ് വെട്ടിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ഡിസംബർ 12ന് ഗതാഗത വകുപ്പിന് നികുതി വെട്ടിപ്പ് സംബന്ധിച്ച് അജ്ഞാത ഇ-മെയിൽ ലഭിച്ചിരുന്നു. വ്യാജരേഖ ഉപയോഗിച്ച് എച്ച്-വണ്‍ കാർ കെയർ കസ്തൂരിനഗർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ (ആർ.ടി.ഒ) ആഡംബര വാഹനം വ്യാജമായി രജിസ്റ്റർ ചെയ്തതായാണ് ആരോപണം. വ്യാജ രേഖകളുടെ ഫോട്ടോകൾ പരിശോധിച്ചതിനുശേഷം അഡീഷനൽ കമീഷണർ (എൻഫോഴ്സ്മെന്റ്) അന്വേഷണത്തിന് ഉത്തരവിട്ടു
കൊഡിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ സീനിയർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. രഞ്ജിത്ത് നൽകിയ പരാതിയിൽ കെ.എ.-03-എൻ.എക്സ്-0016 രജിസ്ട്രേഷൻ നമ്പറുള്ള ലംബോർഗിനി 2022 ജൂൺ ഒന്നിന് ലാവെല്ലെ റോഡിലെ ഒരു ഷോറൂമിൽനിന്ന് ഹർഷ ഇൻഫ്ര കോൺസ് പ്രൈവറ്റ് ലിമിറ്റഡ് 3,00,68,729 രൂപക്ക് വാങ്ങിയതാണെന്ന് കണ്ടെത്തി.
2022 ജൂൺ രണ്ട് മുതൽ ജൂലൈ ഒന്നുവരെ ഇലക്ട്രോണിക്സ് സിറ്റി ആർ.ടി.ഒയിൽ വാഹനം താൽക്കാലികമായി രജിസ്റ്റർ ചെയ്തു. പിന്നീട് തെലങ്കാനയിലെ ഹൈദരാബാദിലുള്ള ഒരു റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ രജിസ്റ്റർ ചെയ്യാൻ കമ്പനി അനുമതി തേടി. പ്രതി വ്യാജരേഖകൾ നിർമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 2025 സെപ്റ്റംബറിൽ എച്ച്-വണ്‍ കാർ കെയർ ഇതേ വാഹനം വാങ്ങിയതായി അദ്ദേഹം പറഞ്ഞു. ഹർഷ ഇൻഫ്ര കോൺസിൽ വിറ്റ് രജിസ്റ്റർ ചെയ്തതിന് ഏകദേശം മൂന്നുവർഷത്തിനുശേഷമാണ് ഇത്. വാങ്ങിയതായി ആരോപിക്കപ്പെടുന്ന വില 3,00,58,729 ആണെന്ന് കാണിച്ചിരുന്നു.
ആദ്യം വാങ്ങിയയാൾക്ക് നൽകിയ അതേ ഇൻവോയ്സ് നമ്പർ വീണ്ടും ഉപയോഗിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് നിയമവിരുദ്ധമാണ്. പരിശോധനക്കിടെ അന്വേഷണ ഉദ്യോഗസ്ഥർ അംഗീകൃത ലംബോർഗിനി ഡീലറെ ബന്ധപ്പെടുകയും വാഹനം ഹർഷ ഇൻഫ്ര കോൺസിന് വിറ്റതായി അവര്‍ സ്ഥിരീകരിക്കുകയും ചെയ്തു. 2025 സെപ്റ്റംബര്‍ ഒന്നിലെ ഇൻവോയ്സ് എച്ച് വണ്‍ കാർ കെയറിനു നൽകിയതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും ഷോറൂമില്‍ അങ്ങനെ സംഭവിക്കില്ലെന്നും വ്യാജമാണെന്ന് തോന്നുന്നെന്നും ഡീലർ അവകാശപ്പെട്ടു.
രേഖകൾ പരിശോധിച്ചശേഷം അനധികൃത രജിസ്ട്രേഷൻ നേടുന്നതിനായി വ്യാജ രേഖകൾ ഉപയോഗിച്ചതായി കസ്തൂരിനഗർ ആർ.ടി.ഒ കണ്ടെത്തി. മൂന്നുവർഷത്തെ റോഡ് നികുതിയുടെ പിഴയായ 37 ലക്ഷത്തിലധികം രൂപ ഒഴിവാക്കാൻ വാഹനത്തിന്റെ മൂല്യം കുറച്ചുകാണിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജരേഖ ചമച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് മുതിർന്ന ഗതാഗത ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിടുകയും ഫെബ്രുവരി ഏഴിന് എച്ച്-വണ്‍ കാർ കെയറുമായി ബന്ധപ്പെട്ട സഹകർനഗറിലെ സ്ഥലത്തുനിന്ന് ഉദ്യോഗസ്ഥര്‍ വാഹനം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.