പ്രതീകാത്മക ചിത്രം
ബംഗളൂരു: വരുന്ന ഏപ്രിൽ മുതൽ പ്രതിമാസം 10,000 രൂപ നിശ്ചിത ഓണറേറിയം നൽകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ തുടർന്ന് കർണാടകയിൽ ആശ വർക്കർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. സമരക്കാരുടെ മറ്റ് ആവശ്യങ്ങളും സർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ആശ യൂനിയൻ പ്രതിനിധികളുമായും നടത്തിയ വിശദമായ ചർച്ചക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ, ജോലിയുടെ ഭാഗമായി തൊഴിലാളികൾ ഏറ്റെടുക്കുന്ന അധിക ജോലികൾക്ക് ഇൻസന്റിവ് നൽകും.
ഗുരുതരമായ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ മൂന്ന് മാസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുമെന്നതും യോഗത്തിലെ പ്രധാന തീരുമാനമാണ്. ആശ തൊഴിലാളികൾക്ക് പ്രതിമാസ അവധി ഉറപ്പാക്കും. വിരമിക്കൽ നഷ്ടപരിഹാരം നൽകുന്നതടക്കം പുനഃപരിശോധിക്കും.
ചൊവ്വാഴ്ച മുതലാണ് ആശ തൊഴിലാളികൾ ഫ്രീഡം പാർക്കിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആരോഗ്യ കമീഷണർ ശിവകുമാർ കെ.ബി സമരപന്തലിലെത്തി മുഖ്യമന്ത്രിയുടെ തീരുമാനം അറിയിച്ചു.
തൊഴിലാളികൾക്കായി അനുവദിച്ച ബജറ്റ് വർധിപ്പിക്കുമെന്നും കൂടുതൽ ആസൂത്രണത്തിനായി ബജറ്റിന് മുമ്പുള്ള ചർച്ചകളിൽ അസോസിയേഷനെ ഉൾപ്പെടുത്തുമെന്നും അംഗങ്ങൾക്ക് ഉറപ്പ് നൽകി.
കഴിഞ്ഞ എട്ട് വർഷമായി മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ പല ഘട്ടങ്ങളിലായി സമരം നടത്തിയിരുന്നു. ശനിയാഴ്ച ആശ വർക്കർമാർ ജോലിയിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.