ബംഗളൂരു: കർണാടകയിൽ നിങ്ങളുടെ വാഹനം മോഷണം പോയോ, പരാതി നൽകാനായി ഇനി പൊലീസ് സ്റ്റേഷനിലേക്ക് ഓടേണ്ടതില്ല. കർണാടക പൊലീസിന്റെ www.ksp.karna taka.gov.in എന്ന വെബ്സൈറ്റിൽ മോഷണം സംബന്ധിച്ച പരാതി രജിസ്റ്റർ ചെയ്യാം. ഉടൻ നിങ്ങൾക്ക് എഫ്.ഐ.ആർ ഓൺലൈനിൽ കിട്ടുകയും ചെയ്യും. മോഷണം പോകുന്ന വാഹന ഉടമകളുടെ പ്രയാസം കണ്ടാണ് ഈ സൗകര്യം ഏർപ്പെടുത്തിയതെന്ന് പൊലീസ് മേധാവി പ്രവീൺ സൂദ് പറഞ്ഞു.
ഏത് സ്റ്റേഷൻ പരിധിയിൽ നിന്നാണോ വാഹനം നഷ്ടപ്പെട്ടത് ആ സ്റ്റേഷനിൽ പരാതി നൽകാനെത്തുക എന്നത് ജനത്തിന് ഏറെ പ്രയാസകരമാണ്. പരാതി നൽകി എഫ്.ഐ.ആർ തയാറാക്കുക എന്നത് ഏറെ ദുഷ്കരവുമായിരുന്നു. വാഹന ഇൻഷുറൻസിന് എഫ്.ഐ.ആർ നിർബന്ധവുമാണ്. പുതിയ സൗകര്യം വന്നതോടെ നേരിട്ട് സ്റ്റേഷനിൽ എത്താതെ തന്നെ പരാതി നൽകാൻ കഴിയും. 99 ശതമാനം വാഹനമോഷണ പരാതികളും യഥാർഥമാണ്. ഓൺലൈനിൽ പരാതി നൽകിയാൽ തന്നെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കും.
പൊലീസിന്റെ വെബ്സൈറ്റ് തുറന്ന് വിവിധ ഘട്ടങ്ങൾ പൂരിപ്പിക്കുകയാണ് വേണ്ടത്. പരാതിക്കാരന്റെ ആധാർ കാർഡ്, മോഷണം പോയ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, കേന്ദ്രവാഹന ഗതാഗതവകുപ്പിന്റെ 'വാഹൻ സൈറ്റ്' എന്നിവ ഉപയോഗിച്ചാണ് പൊലീസ് മേൽനടപടി സ്വീകരിക്കുക. വർഷത്തിൽ ശരാശരി 6000 മുതൽ 7000 വരെ വാഹന മോഷണക്കേസുകളാണ് കർണാടകയിൽ ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.