ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം അറിയിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമോ അതോ എല്ലാ ദിവസമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ട് റേക്കുകൾ ലഭ്യമായാൽ എല്ലാ ദിവസവും ബംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്ലീപ്പർ സര്‍വിസ് നടത്തും.
കൂടാതെ ഇപ്പോൾ എറണാകുളത്തേക്ക് ദിവസേന സര്‍വിസ് നടത്തുന്ന വന്ദേ ഭാരതിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് കോഴിക്കോട് ഭാഗത്തേക്കും സര്‍വിസ് നടത്തുന്ന വന്ദേ ഭാരതിന് കണക്ഷൻ നൽകാനും നീക്കം നടക്കുന്നുണ്ട്. ഇത് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ യാത്രക്കാർക്ക് വളരെ പ്രയോജനകരമായിരിക്കും.
ബാംഗ്ലൂർ - എറണാകുളം വന്ദേ ഭാരതിന്‍റെ തിരക്ക് കണക്കിലെടുത്ത് ബോഗികളുടെ എണ്ണം 16 ആക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണിതെന്നും കഴിഞ്ഞ ദിവസം കെ.കെ.ടി.എഫ് ജനറൽ കൺവീനർ ആർ. മുരളീധർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായി ചർച്ച നടത്തിയിരുന്നുവെന്നും ട്രാവലേഴ്സ് ഫോറം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.