ബംഗളൂരു: വാല്മീകി പട്ടികവർഗ വികസന കോർപറേഷൻ അഴിമതിയിൽ കേന്ദ്ര അന്വേഷണ ബ്യൂറോ (സി.ബി.ഐ) സമഗ്ര അന്വേഷണം നടത്താൻ കർണാടക ഹൈകോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. നേരത്തേ കേസിൽ സി.ബി.ഐയുടെ പങ്ക് പരിമിതമായ ക്രമക്കേടുകൾ പരിശോധിക്കുന്നതിൽ മാത്രമായി ഒതുങ്ങിയിരുന്നു. ഹൈകോടതി ഉത്തരവോടെ അന്വേഷണം പൂർണമായി ഈ ഏജൻസിക്കായി.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘത്തോട് (എസ്.ഐ.ടി) ആവശ്യപ്പെട്ടു. ആദിവാസി സമൂഹങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ജൂണിൽ, ബെല്ലാരിയിൽ നിന്നുള്ള കോൺഗ്രസ് എം.പി ഇ. തുക്കാറാമുമായും മൂന്ന് കർണാടക എം.എൽ.എമാരുമായും ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഒന്നിലധികം റെയ്ഡുകൾ നടത്തിയിരുന്നു.
വാല്മീകി കോർപറേഷന്റെ ഫണ്ട് വകമാറ്റൽ സംബന്ധിച്ച വിശാലമായ അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഈ റെയ്ഡുകൾ. കോർപറേഷന്റെ അക്കൗണ്ടുകളിൽനിന്ന് ഗണ്യമായ തുക നിയമവിരുദ്ധമായി പിൻവലിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ഷെൽ കമ്പനികൾ വഴി പണം വെളുപ്പിക്കുകയും ചെയ്തതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബെല്ലാരി നിയോജകമണ്ഡലത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഫണ്ടിന്റെ ഒരു ഭാഗം ഉപയോഗിച്ചതായും ഇ.ഡി ആരോപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പട്ടികവർഗ സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി 2006ൽ സ്ഥാപിതമായതാണ് കർണാടക മഹർഷി വാല്മീകി പട്ടികവർഗ വികസന കോർപറേഷൻ. ക്ഷേമ പദ്ധതികൾക്കായി ഉദ്ദേശിച്ചിരുന്ന പൊതുഫണ്ട് ദുരുപയോഗം ചെയ്തത് സംബന്ധിച്ച് കർണാടക പൊലീസും സി.ബി.ഐയും നേരത്തേ സമർപ്പിച്ച എഫ്.ഐ.ആറുകളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.