ന​ഗ​ര​ത്തി​ലെ സെ​ൻ​ട്ര​ൽ സി​ൽ​ക്​​ബോ​ർ​ഡ്​ ജ​ങ്​​ഷ​ന​ടു​ത്തു​ള്ള ഗ​താ​ഗ​ത​കു​രു​ക്ക്

നഗരഗതാഗത സംവിധാനം ഒറ്റ അതോറിറ്റിക്ക് കീഴിൽ, ബില്ലിന് നിയമസഭയുടെ അംഗീകാരം

ബംഗളൂരു: നഗരത്തിലെ ഗതാഗത ക്രമീകരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിൽ ലണ്ടൻ മാതൃകയിലുള്ള ട്രാൻസ്പോർട്ട് അതോറിറ്റി രൂപവത്കരിക്കുന്നതിനായി ‘ബംഗളൂരു മെട്രോപൊളിറ്റൻ ലാന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി (ബി.എം.എൽ.ടി.എ) ബില്ലി’ന് നിയമസഭയുടെ അംഗീകാരം. ബിൽ നിയമമാകുന്നതോടെ നഗര ഗതാഗതത്തിനുള്ള നയരൂപവത്‌കരണത്തിനും അവ നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഉന്നതാധികാരമുള്ള പുതിയ അതോറിറ്റി നിലവിൽ വരും.

നിലവിൽ ബംഗളൂരുവിലെ ഗതാഗത കാര്യങ്ങൾ വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമടക്കമുള്ള സംവിധാനങ്ങളാണ് നിയന്ത്രിക്കുന്നത്. ഇതിനു പകരം ഒറ്റ അതോറിറ്റിയുടെ കീഴിൽ എല്ലാം കൊണ്ടുവരുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ബി.എം.എൽ.ടിക്ക് നിയമാനുസൃതമായ ഉന്നത അധികാരങ്ങൾ നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആയിരിക്കും ബി.എം.എൽ.ടി.എ പ്രവർത്തിക്കുകയെന്ന് ബിൽ പറയുന്നു. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും വകുപ്പുകളും ഒരു കുടക്ക് കീഴിലുമാകും.

നിലവിൽ ബി.ഡി.എ, ബി.എം.ടി.സി, ബി.ബി.എം.പി, ബി.എം.ആർ.സി.എൽ, ഗതാഗതവകുപ്പ് എന്നിവയാണ് നഗരത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട വികസന പ്രവൃത്തികളും ആസൂത്രണവും നടപ്പാക്കലുമെല്ലാം നടത്തുന്നത്. ചുമതലകളുടെ ആധിക്യവും പ്രവർത്തനങ്ങളുടെ വൈവിധ്യവും കാരണം വിവിധ വകുപ്പുകൾക്ക് നിരവധി പ്രതിസന്ധികൾ ഉണ്ട്.

ബിൽ പ്രകാരം രൂപവത്കരിക്കുന്ന ബി.എം.എൽ.ടി.എക്കായിരിക്കും ഇനി 1294 സ്ക്വയർ കിലോമീറ്റർ ഉള്ള ബംഗളൂരു മെട്രോപൊളിറ്റൻ നഗരത്തിന്‍റെ ഗതാഗതമേഖലയുടെ സമ്പൂർണ ചുമതല. നഗരത്തിന്‍റെ യാത്രാ-ഗതാഗത പ്രശ്നങ്ങൾക്ക് യോജിച്ച പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക എന്നത് ഇവരുടെ ചുമതലയായിരിക്കും.

സമഗ്രമായ ഗതാഗത പദ്ധതികൾ തയാറാക്കണം. അത് അഞ്ചുവർഷം കൂടുമ്പോൾ വിലയിരുത്തൽ നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തണം. പാർക്കിങ്, ചരക്കുഗതാഗതം തുടങ്ങിയവയുടെയെല്ലാം ഉത്തരവാദിത്തം ബി.എം.എൽ.ടി.എക്ക് ആയിരിക്കും.

വർഷത്തിൽ ഒരിക്കലെങ്കിലും ഗതാഗത പദ്ധതി തയാറാക്കണം. വാഹനങ്ങളുടെ ഒഴുക്ക്, സിഗ്നൽ പ്രവർത്തനം, നഗരത്തിലെ ഇടനാഴികൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാകണം ഇത്. കാൽനടക്കാർ, സൈക്കിൾ ട്രാക്കുകൾ, റോഡിന്‍റെ ഗുണനിലവാരം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാകണം ഈ പദ്ധതികൾ. ബി.എം.എൽ.ടി.എയുടെ നിയമനിർദേശങ്ങൾ പാലിക്കാത്തവർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ശിക്ഷ കിട്ടും.

ഒരാളുടെ ആദ്യ നിയമലംഘനത്തിനായിരിക്കും ഇത്. രണ്ടാമത്തെ നിയമലംഘനത്തിന് രണ്ടു ലക്ഷം രൂപ വരെയും ശിക്ഷകിട്ടും. നിരന്തരം നിയമലംഘനം നടത്തുന്നവർക്ക് ദിവസം 5000 രൂപ വരെയും പിഴ ശിക്ഷ ലഭിക്കും. സർക്കാർ വകുപ്പുകൾക്കും കമ്പനികൾക്കുമടക്കം ഇത്തരത്തിൽ നിയമലംഘനത്തിന് പിഴശിക്ഷ ലഭിക്കും.

മുഖ്യമന്ത്രി എക്സ് ഒഫീഷ്യോ അധ്യക്ഷനായുള്ള അതോറിറ്റിയിൽ 36 അംഗങ്ങളുണ്ടാകും. നഗരസഭ, ബംഗളൂരു വികസന അതോറിറ്റി, മെട്രോപൊളിറ്റൻ മേഖല വികസന അതോറിറ്റി, സിറ്റി പൊലീസ്, ദക്ഷിണ-പശ്ചിമ റെയിൽവേ, ദേശീയപാതാ അതോറിറ്റി എന്നിവയുടെ പ്രതിനിധികളും നഗരപരിധിയിൽനിന്നുള്ള ഒരു മന്ത്രിയും അതോറിറ്റിയിൽ അംഗമാകും.

ഗതാഗതം, നിയമം, ധനകാര്യം എന്നീ മേഖലയിൽനിന്നുള്ള വിദഗ്ധരും ജനപ്രതിനിധികളുമുണ്ടാകും. സ്വകാര്യ മേഖലയിൽനിന്നും പ്രഫഷനൽ രംഗത്തുനിന്നും അക്കാദമിക രംഗത്തുനിന്നും പ്രതിനിധികളെയും ഉൾപ്പെടുത്തും. ഗതാഗത ക്രമീകരണത്തിനുള്ള വിശദമായ ആസൂത്രണം അതോറിറ്റി നടത്തും.

Tags:    
News Summary - Urban Transport System Under Single Authority, Legislature Approves Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.