നിരവധി ബാങ്ക് കാർഡുകളും വ്യാജ സീലുകളുമായി യു.പി സ്വദേശി പിടിയിൽ

ബംഗളൂരു: നിരവധി ബാങ്ക് കാർഡുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ സീലുകളുമടക്കം 34കാരൻ പൊലീസിന്‍റെ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയും ബംഗളൂരു ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ താമസക്കാരനുമായ നവനീത് പാണ്ഡെയാണ് പിടിയിലായത്.

110 ഡെബിറ്റ് കാർഡുകൾ, 110 ക്രെഡിറ്റ് കാർഡുകൾ, നിരവധി ബാങ്കുകളുടെ പാസ് ബുക്കുകൾ, 15 സ്ഥാപനങ്ങളുടെ വ്യാജ സീലുകൾ, ആറ് മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്ടോപ്പുകൾ തുടങ്ങിയ സാധനങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബനശങ്കരിയിലെ വിവിധ ബാങ്കുകൾ അനുവദിക്കുന്ന സ്വൈപ്പിങ് യന്ത്രങ്ങളും കണ്ടെടുത്തു.

റസ്റ്റാറന്റുകളുടെയും ഹോട്ടലുകളുടെയും പേരിൽ ബാങ്കുകളിൽ വ്യാജ അപേക്ഷകൾ ഇയാൾ നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. ബനശങ്കരി സെക്കൻഡ് സ്റ്റേജിലുള്ള ‘കിടമ്പീസ് കിച്ചൻ’ റസ്റ്റാറന്‍റ് ഉടമ കെ.എ. വിവേകിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. പോയന്‍റ് ഓഫ് സെയിൽ മെഷീനായി റസ്റ്റാറന്‍റിന്‍റെ പേരിലുള്ള അപേക്ഷ പരിശോധിക്കാൻ ഡിസംബർ 26ന് യെസ് ബാങ്കിൽനിന്നുള്ളവർ വിവേകിന്റെ കടയിൽ എത്തിയപ്പോഴാണ് കടയുടെ പേരിൽ വ്യാജ അപേക്ഷ നൽകിയിരുന്നുവെന്നത് മനസ്സിലാക്കുന്നത്.

ഇതോടെയാണ് വിവേക് പരാതി നൽകിയത്. അപ്പോഴാണ് കിടമ്പീസ് കിച്ചൻ റസ്റ്റാറന്‍റിന്‍റെ പേരിൽ പി.ഒ.എസ് മെഷീന് വേണ്ടി നവനീത് പാണ്ടേ ഫോറം ത്രീ (സർട്ടിഫിക്കേഷൻ ഓഫ് രജിസ്ട്രേഷൻ) യെസ് ബാങ്കിൽ നൽകിയിരുന്നുവെന്ന കാര്യം പുറത്തറിയുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - UP native arrested with several bank cards and fake seals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.