ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട

യു.​ടി. ഖാ​ദ​ർ ഇ​ട​ക്കാ​ല സ്പീ​ക്ക​ർ ആ​ർ.​വി. ദേ​ശ്പാ​ണ്ഡെ​യി​ൽ​നി​ന്ന് ചു​മ​ത​ല​യേ​ൽ​ക്കു​ന്നു

എതിരില്ലാതെ യു.ടി. ഖാദർ കർണാടക സ്പീക്കർ

ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് യു.ടി. ഖാദർ കർണാടക നിയമസഭ സ്പീക്കറായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അധികാരമേറ്റശേഷം നടന്ന ആദ്യ നിയമസഭ സമ്മേളനത്തിന്റെ സമാപന ദിവസമായ ബുധനാഴ്ചയായിരുന്നു ചരി​​ത്രമുഹൂർത്തം. പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും സ്ഥാനാർഥികളെ നിർത്തിയില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് ബസവരാജ് ബൊമ്മൈ എന്നിവർ ഖാദറിനെ സ്പീക്കറുടെ ചേംബറിലേക്ക് നയിച്ചു. ഇടക്കാല സ്പീക്കറായ ആർ.വി. ദേശ്പാണ്ഡെയിൽനിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. കർണാടക നിയമസഭയിൽ സ്പീക്കറാവുന്ന ആദ്യ മുസ്‍ലിമാണ് 53കാരനായ യു.ടി. ഖാദർ. യു.ടി. ഖാദറിന്റെ പിതാവ് എം.എൽ.എയായിരുന്നതും ഖാദർ നിയമസഭയിൽ മികച്ച സാമാജികനുള്ള സാധന വീര അവാർഡ് നേടിയതും സൂചിപ്പിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പാർട്ടികൾക്കതീതമായി സ്പീക്കർ പ്രവർത്തിക്കണമെന്ന് ഓർമിപ്പിച്ചു. ഒരിക്കലും ക്ഷമനശിക്കാത്ത നേതാവാണ് യു.ടി. ഖാദറെന്നും സഭയെ സന്തുലിതമായി കൊണ്ടുപോകാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് ബസവരാജ് ബൊമ്മൈ പറഞ്ഞു.

മംഗളൂരു ഉള്ളാൾ സ്വദേശിയും മലയാളിയുമാണ് യു.ടി. ഖാദർ. പിതാവ് യു.ടി. ഫരീദ് കാസർകോട് ഉപ്പള സ്വദേശിയാണ്. അദ്ദേഹം നാലുതവണ കോൺഗ്രസ് എം.എൽ.എയായിരുന്നു. നിയമ ബിരുദധാരിയായ ഖാദർ കായികപ്രേമികൂടിയാണ്. ബൈക്കിങ്ങിനും കാർ റേസിങ്ങിനും പുറമെ, ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ഹോക്കി എന്നിവയിലും പാഷനുള്ള നേതാവാണ്. 1990ൽ എൻ.എസ്.യു.ഐ ജില്ല ജനറൽ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം 2008ൽ കെ.പി.സി.സി സെക്രട്ടറിയായി. 2013ലെ സിദ്ധരാമയ്യ സർക്കാറിൽ ആരോഗ്യമന്ത്രിയും പിന്നീട് ഭക്ഷ്യമന്ത്രിയുമായി. 

Tags:    
News Summary - Unopposed UT Khader Karnataka Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.