ബംഗളൂരു: ബിദർ, ശിവമൊഗ്ഗ ജില്ലകളിലെ സി.ഇ.ടി പരീക്ഷ കേന്ദ്രങ്ങളിൽ ബ്രാഹ്മണ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ നടപടി. ശിവമൊഗ്ഗയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷ ജീവനക്കാർക്കാണ് സസ്പെൻഷൻ. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ആദിചുഞ്ചനഗിരി പി.യു കോളജ് പരീക്ഷ കേന്ദ്രത്തിൽ സുരക്ഷ ജീവനക്കാർ മൂന്ന് വിദ്യാർഥികളോട് അവരുടെ പൂണൂൽ നീക്കാൻ ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ ഒരാൾ പൂണൂൽ ഊരാൻ വിസമ്മതിച്ചു. മറ്റു രണ്ടുപേർ പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പ് പൂണൂൽ ഊരിമാറ്റി. ഊരിയ പുണൂൽ മാലിന്യക്കുട്ടയിലിട്ടെന്നും ആക്ഷേപമുയർന്നു. സമാന സംഭവം ബിദറിലും നടന്നു. സുചിവൃത് കുൽക്കർണി എന്ന വിദ്യാർഥിയെ പൂണൂൽ ധരിച്ച് പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നതാണ് പരാതി.
ബിദറിലെ സായ് സ്പൂർത്തി കോളജിലെ പരീക്ഷ കേന്ദ്രത്തിൽ പൂണൂൽ നീക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥി കണക്കു പേപ്പർ എഴുതാതെ വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു. പിന്നീട് ഉച്ചക്ക് ശേഷം പൂണൂൽ ധരിച്ച് ബയോളജി പരീക്ഷ എഴുതാൻ ഇതേ വിദ്യാർഥിയെ അനുവദിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതേതുടർന്ന് ബിദറിലും ശിവമൊഗ്ഗയിലും പ്രതിഷേധം അരങ്ങേറി. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഉന്നത, പ്രാഥമിക വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പുനൽകുകയും ചെയ്തതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ബിദറിലെ കേന്ദ്രത്തിലെ ചീഫ് എക്സാമിനർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിദർ ഡെപ്യൂട്ടി കമീഷണർ ശിൽപ ശർമ പറഞ്ഞു.
ആരോപിക്കപ്പെടുന്ന രീതിയിൽ സംഭവം നടന്നിട്ടുണ്ടെങ്കിൽ അപലപനീയമാണെന്നും അത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് ശിവമൊഗ്ഗ ജില്ല ചുമതലയുള്ള സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.