ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 190 കിലോമീറ്റർ ടണൽ റോഡ് പദ്ധതി. ഒന്നര മാസത്തിനകം പദ്ധതിക്കായുള്ള ആഗോള ടെൻഡര്‍ ക്ഷണിക്കുമെന്ന് ഉപമുഖ്യമന്ത്രിയും ബംഗളൂരു നഗര വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ഔട്ടർ റിങ് റോഡ്, ബെള്ളാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സർജാപൂർ റോഡ്, ഹൊസൂർ റോഡ്, ബന്നാർഘട്ട റോഡ്, കനക്പുര റോഡ് എന്നിവയാണ് പദ്ധതിയിലുള്ളത്. ടണൽ റോഡ് പദ്ധതിയെ കുറിച്ച് വിശദ പഠനവും ജനങ്ങളുമായി ചർച്ചയും കഴിഞ്ഞശേഷം സർക്കാർ അന്തിമാനുമതി നൽകേണ്ടതുണ്ട്. ഇതിന് ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും എടുത്തേക്കും.
12 ടണൽ റോഡുകളാണ് പദ്ധതിയിലുള്ളത്. 14 കി.മീ. വരുന്ന ബെള്ളാരി റോഡ്-ഓൾഡ് മദ്രാസ് റോഡ് എസ്റ്റീം മാൾ ജങ്ഷനിൽ നിന്നാരംഭിച്ച് മേക്രി സർക്കിൾ വഴി മില്ലേഴ്സ് റോഡ്, കെൻസിങ്ടൺ റോഡ്, മർഫി റോഡ് വഴി ഓൾഡ് മദ്രാസ് റോഡിലെത്തും. ഏഴു കിലോമീറ്റർ വരുന്ന ബെള്ളാരി റോഡ് ടണൽ പദ്ധതി മേക്രി സർക്കിളിൽനിന്ന് ആരംഭിച്ച് ചാലൂക്യ സർക്കിളിൽ അവസാനിക്കും. 25 കിലോമീറ്റർ വരുന്ന ഓൾഡ് മദ്രാസ് ടണൽ റോഡ് ട്രിനിറ്റി സർക്കിളിൽ നിന്നാരംഭിച്ച് ഹോപ്ഫാം, ബുദ്ധിഗരെ വഴി കെ.ആർ പുരത്തെത്തും. 18 കിലോമീറ്റർ വരുന്ന ഓൾഡ് എയർപോർട്ട് റോഡ് ടണൽ റോഡ് എ.എസ്.സി ജങ്ഷനിൽ നിന്നാരംഭിച്ച് യെമാലൂർ ജങ്ഷനിൽ അവസാനിക്കും. 10 കിലോമീറ്റർ ദൈർഘ്യമുള്ള സർജാപുർ റോഡ് ടണൽ റോഡ് ഹൊസൂർ റോഡ് ജങ്ഷനിൽനിന്ന് തുടങ്ങി സർജാപുരയിൽ അവസാനിക്കും.
ഔട്ടർ റിങ് റോഡിൽ മൂന്നു ടണൽ റോഡുകളാണ് നിർദിഷ്ട പദ്ധതിയിലുള്ളത്. ഗൊരഗുണ്ടെ പാളയ മുതൽ കെ.ആർ പുരം വരെ 18 കി.മീ, സിൽക് ബോർഡ് മുതൽ മൈസൂരു റോഡ് വരെ 16 കി.മീ, സിൽക് ബോർഡ് മുതൽ മൈസൂരു റോഡ് വരെ 12 കി.മീ. എന്നിവയാണ് ഒ.ആർ.ആർ റോഡിൽ നിർദേശിച്ചിട്ടുള്ളത്.
മറ്റു ടണൽ റോഡുകൾ: ഹൊസൂർ റോഡ് (ആറ് കി.മീ.)- വെള്ളറ ജങ്ഷൻ മുതൽ സിൽക് ബോർഡ് ജങ്ഷൻ വരെ. ബന്നാർഘട്ട റോഡ് (17 കി.മീ)- ഒ.ആർ.ആർ ജങ്ഷൻ മുതൽ ബന്നാർഘട്ട റോഡിൽ ബി.ബി.എം.പി പരിധി വരെ. കനക്പുര റോഡ് (15 കി.മീ)- കൃഷ്ണ റാവു പാർക്ക് ജങ്ഷൻ മുതൽ നൈസ് റോഡ് ജങ്ഷൻ വരെ. മൈസൂരു റോഡ് (10 കി.മീ.)- സിർസി സർക്കിൾ മുതൽ നൈസ് റോഡ് വരെ. മാഗഡി റോഡ് (12 കി.മീ.)- ലെപ്രസി ഹോസ്പിറ്റൽ ജങ്ഷൻ മുതൽ നൈസ് റോഡ് വരെ. തുമകുരു റോഡ്(10 കി.മീ.)- യശ്വന്ത്പുർ ജങ്ഷൻ മുതൽ തുമകുരു റോഡിൽ ബി.ബി.എം.പി പരിധി വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.