ബംഗളൂരു: സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ ആദ്യഘട്ട ടോൾ പിരിവ് തുടങ്ങി. നിർമാണം പൂർത്തിയായ ദൊഡ്ഡബെല്ലാപുര-ഹൊസെകോട്ടെ 34.17 കി.മീറ്റർ പാതയിലാണ് ടോൾ പിരിക്കുന്നത്. ആറു ദേശീയ പാതകളെയും എട്ട് സംസ്ഥാനപാതകളെയും ബന്ധിപ്പിച്ച് നിർമിക്കുന്ന 280 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ ഭാഗമാണിത്.
ദൊബാസ്പേട്ട്, ദൊഡ്ഡബെല്ലാപുര, സർജാപുര, അത്തിബലെ, ആനേക്കല, തട്ടേക്കര, കനകപുര, രാമനഗര, മാഗഡി എന്നീ നഗരങ്ങളെ ഈ പാത ബന്ധിപ്പിക്കും. കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒറ്റത്തവണ യാത്രക്ക് 70 രൂപയും രണ്ടുവശത്തേക്കുമുള്ള യാത്രക്ക് 105 രൂപയുമാണ് ടോൾ. ചെറു ഗുഡ്സ് വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 115 രൂപയും രണ്ടു ഭാഗത്തേക്കുകൂടി 175 രൂപയുമാണ് ടോൾ.
ബസുകൾക്കും ട്രക്കുകൾക്കും ഒറ്റത്തവണ യാത്രക്ക് 240 രൂപയും ഇരുവശത്തേക്കുമായി 360 രൂപയുമാണ് നൽകേണ്ടത്. ടോൾഗേറ്റിന് സമീപത്ത് താമസിക്കുന്നവർക്ക് 330 രൂപക്ക് പ്രതിമാസ പാസ് ലഭിക്കും. വെള്ളിയാഴ്ച രാവിലെ മുതലാണ് ടോൾ പിരിവ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.