ബംഗളൂരു: പാർട്ടി വിട്ടവർ ജെ.ഡി.എസിലേക്കുതന്നെ തിരിച്ചുവരുമെന്ന് മുൻ മുഖ്യമന്ത്രിയും പാർട്ടി നിയമസഭകക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന പഞ്ചരത്ന രഥയാത്രയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 123 സീറ്റുകളിൽ വിജയിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം. പല രാഷ്ട്രീയ ധ്രുവീകരണവും അതിനായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല പാർട്ടികളിലും ജെ.ഡി.എസിന്റെ അനുഭാവികളുണ്ട്. ബി.ജെ.പിയിലും കോൺഗ്രസിലുമുള്ള പല നേതാക്കളും ജെ.ഡി.എസ് കുടുംബത്തിൽനിന്ന് പോയവരാണ്. അവർ പാർട്ടിയിൽ തിരിച്ചെത്തുമെന്നും കുമാരസ്വാമി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായ പഞ്ചരത്ന രഥയാത്ര കോലാർ ജില്ലയിലെ മുൽബഗൽ മണ്ഡലത്തിൽനിന്നാണ് ആരംഭിക്കുന്നത്. ഡിസംബർ 27നാണ് യാത്ര അവസാനിക്കുക. ആദ്യഘട്ടത്തിൽ ആറ് ജില്ലകളിലെ 34 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും. എട്ട് പ്രത്യേക വാഹനങ്ങളാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്. നേരത്തേ തീരുമാനിച്ച യാത്ര കനത്ത മഴ കാരണം രണ്ടുതവണ മാറ്റിവെക്കുകയായിരുന്നു. യാത്രക്കിടയിൽ ഗ്രാമങ്ങളിലെ വീടുകളിൽ കുമാരസ്വാമി താമസിക്കും. തെരഞ്ഞെടുപ്പിൽ 90 സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
സ്ഥാനാർഥികളുടെ പട്ടിക തയാറായിട്ടുണ്ട്. എന്നാൽ, അത് പുറത്തുവിടാൻ ഉചിതമായ സമയമായിട്ടില്ല. പാർട്ടി പരമോന്നത നേതാവും മുൻ പ്രധാന മന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ ഉചിതസമയത്ത് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.