സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കാന്‍ ഫീസ് വരുന്നു; പ്രതിഷേധം

ബംഗളൂരു: സർക്കാർ നിർമിച്ച സ്‌റ്റേഡിയങ്ങൾ ഉപയോഗിക്കണമെങ്കിൽ ഇനി ഫീസ് നൽകണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 'പേ ആന്‍ഡ് പ്ലേ' സംവിധാനം ഏര്‍പ്പെടുത്തി. സ്റ്റേഡിയങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും ഫണ്ട് കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് സ്റ്റേഡിയം ഉപയോഗിക്കുന്നവരില്‍നിന്ന് യൂസര്‍ ഫീ ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു.

ബംഗളൂരുവിലും മറ്റു ജില്ലകളിലും സര്‍ക്കാര്‍ നിര്‍മിച്ച സ്റ്റേഡിയങ്ങളിലാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. ആര്‍ക്കു വേണമെങ്കിലും പണം കൊടുത്തശേഷം സ്റ്റേഡിയം ഉപയോഗിക്കാം. ചെലവഴിക്കുന്ന ഓരോ മണിക്കൂറിനുമാകും പണം ഈടാക്കുക. മണിക്കൂറിന് അഞ്ചു രൂപ മുതല്‍ 100 രൂപവരെയാകും യൂസര്‍ ഫീസ്. ഇതുകൂടാതെ സ്ഥിരമായുള്ള തിരിച്ചറിയല്‍ കാര്‍ഡിനായി 50 രൂപയും നല്‍കണം.

അതേസമയം, സ്റ്റേഡിയങ്ങളില്‍ ഫീസ് വാങ്ങാനുള്ള സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. കായികയിനങ്ങളോടുള്ള ജനങ്ങളുടെ താൽപര്യത്തെ നിരുത്സാഹപ്പെടുത്തുന്നതാണ് സര്‍ക്കാറിന്‍റെ തീരുമാനമെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തെ ആധാരമാക്കിയാണ് യൂസര്‍ ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തതെന്ന് കായിക യുവജന ക്ഷേമ മന്ത്രി കെ.സി. നാരായണ ഗൗഡ പറഞ്ഞു. കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ സ്‌റ്റേഡിയങ്ങള്‍ നവീകരിക്കുന്നത് ലക്ഷ്യമിട്ടാണ് യൂസര്‍ ഫീ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേഡിയം ഉപയോഗിക്കുന്നവര്‍ക്ക് ദിവസേനയോ ഒരു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ ഫീസ് അടക്കാമെന്നും അധികൃതർ പറയുന്നു. സ്റ്റേഡിയത്തില്‍നിന്ന് പരിശീലകരെയും കായിക ഉപകരണങ്ങളും ലഭ്യമാക്കണമെങ്കില്‍ പ്രത്യേക ഫീസ് ഉണ്ടാകും. ടൂര്‍ണമെന്‍റുകള്‍ നടത്തണമെങ്കില്‍ 1000 രൂപ മുതല്‍ 1,00,000 രൂപ വരെ നൽകണം. സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍, ഫെഡറേഷനുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പരിശീലകര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ എന്നിവരെ യൂസര്‍ ഫീയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 16 വയസ്സില്‍ താഴെയുള്ള കായികതാരങ്ങള്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന-ദേശീയ കായിക താരങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - There are fees to use the stadiums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.