ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ചന്ദ്രയാൻ- മൂന്ന് ദൗത്യ വിജയത്തിന് ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു

ആകാംക്ഷയോടെ ശാസ്ത്രലോകം; റോവറിന്റെ കണ്ടെത്തലുകൾ നിർണായകമാവും

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാൻസിനസ് സി, സിംപേലിയസ് എൻ ഗർത്തങ്ങൾക്കിടയിൽ സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാൻ - മൂന്ന് പര്യവേക്ഷണം ആരംഭിച്ചതോടെ ഇനി ശാസ്ത്രലോകത്തിന് പ്രതീക്ഷയുടെ നാളുകൾ. വിക്രം ലാൻഡറിലെയും പ്രഗ്യാൻ റോവറിലെയും പരീക്ഷണ പേടകങ്ങൾ കണ്ടെത്തുന്ന വിവരങ്ങൾ ഭാവിയിൽ ശാസ്ത്രകുതിപ്പിന് നിർണായക വിവരങ്ങളാവും.

ഇതുവരെ ആരും കടന്നുചെല്ലാത്ത ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണമാണ് ചന്ദ്രയാൻ- മൂന്ന് നടത്തുന്നത് എന്നതാണ് ഏറ്റവും പ്രധാനം. കോടിക്കണക്കിന് വർഷങ്ങളായി സൂര്യവെളിച്ചമേൽക്കാതെ ഇരുണ്ടുകിടക്കുന്ന അഗാധ ഗർത്തങ്ങളും അവക്കുള്ളിലെ തണുത്തുറഞ്ഞു കിടക്കുന്ന ​ജലകണങ്ങളും സംബന്ധിച്ച വിവരങ്ങളിലേക്ക് സൂചന നൽകാൻ ദൗത്യത്തിനായേക്കുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ.

ഗർത്തങ്ങളെ പോലെ തന്നെ വൻ കൊടുമുടികളുമുള്ളതാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ചന്ദ്രോപരിതലത്തിലെ രാസ പദാർഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണത്തിനുപയോഗിക്കുന്ന എ.പി.എക്സ്.എസ് (ആൽഫ പാർട്ടിക്ൾ എക്സ്-റേ സ്​പെക്ട്രോമീറ്റർ), ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെ കുറിച്ച് വിവരം നൽകുന്ന ലിബ്സ് (ലേസർ ഇൻഡ്യുസ്ഡ് ബ്രേക്ക്ഡൗൺ സ്​പെക്ട്രോസ്കോപ്) എന്നിവയാണ് റോവറിലെ ഉപകരണങ്ങൾ.

ദൗത്യത്തിൽ ലാൻഡറിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഒരു പേലോഡ് അടക്കം നാലും റോവറിൽ രണ്ടും പരീക്ഷണ ഉപകരണങ്ങളാണുള്ളത്. ചാന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിലെ മാറ്റങ്ങളും കണ്ടെത്താൻ രംഭ- എൽപി (റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപർ സെൻസിറ്റിവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ), പോളാർ റീജ്യന് സമീപത്തെ ചന്ദ്രോപരിതലത്തിലെ താപ വസ്തുക്കൾ സംബന്ധിച്ച് വിവരം ശേഖരിക്കാൻ ചാസ്തെ (ചന്ദ്രാസ് സർഫേസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ്), ലാൻഡർ ഇറങ്ങുന്ന പ്രതലത്തിലെ പ്രകമ്പനങ്ങൾ അളക്കാൻ ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി) എന്നിവയാണ് ലാൻഡറിലെ ഐ.എസ്.ആർ.ഒയുടെ പരീക്ഷണ ഉപകരണങ്ങൾ. എൽ.ആർ.എ എന്ന മറ്റൊരു ഉപകരണം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതായും ഉണ്ട്.

ഇതുവരെ എല്ലാ പദ്ധതികളും കൃത്യമായി മുന്നോട്ടുപോകുന്നുവെന്നാണ് വ്യാഴാഴ്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചത്. ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിലെ ലാൻഡർ മൊഡ്യൂൾ ദക്ഷിണധ്രുവത്തി​ലിറങ്ങിയത് നേരത്തെ നിശ്ചയിച്ച പരിധിക്കകത്തുതന്നെയെന്ന് അദ്ദേഹം വെളിപ്പെടുത്തി. 4.5 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള ലാൻഡിങ് ലോക്കേഷനാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ 300 മീറ്റർ പരിധിയിലാണ് ലാൻഡർ മൊഡ്യൂൾ കൃത്യമായി മൃദു ഇറക്കം നടത്തിയതെന്ന് ചെയർമാൻ പറഞ്ഞു.

Tags:    
News Summary - The scientific world eagerly; The rover's findings will be crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.