മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഞായറാഴ്ച ബംഗളൂരു വിധാൻസൗധയിൽ ജില്ല കലക്ടർമാർ, ജില്ല പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നു. ഉപമുഖ്യമന്ത്രി ഡോ.ജെ.പരമേശ്വര സമീപം

വരൾച്ച നേരിടാൻ ഭരണകൂടം സജ്ജമാവണം -മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബംഗളൂരു: സംസ്ഥാനത്തുടനീളം വരൾച്ച സാധ്യത സാഹചര്യം നേരിടാൻ ഭരണകൂടം സജ്ജമായിരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച പറഞ്ഞു. വിധാൻ സൗധയിൽ ജില്ല ഡെപ്യൂട്ടി കമ്മീഷണർമാരുമായും (ഡി.സി) ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരുമായും (സി.ഇ.ഒ) നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കർഷകരെ സംരക്ഷിക്കുന്നതിനും കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻ‌ഗണന നൽകണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അവഗണനയും വ്യാജ അവകാശവാദങ്ങളും ഉന്നയിക്കുകയും ഫീൽഡ് വെരിഫിക്കേഷന് പകരം കടലാസുകളെ ആശ്രയിക്കുകയും ചെയ്യുന്നത് കർശന നടപടികളിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ഉദ്യോഗസ്ഥരുടെ നിസ്സംഗത കാരണം ഒരു കർഷകനും കഷ്ടപ്പെടരുത്. ഏതെങ്കിലും തരത്തിലുള്ള അലംഭാവമോ അശ്രദ്ധയോ വെച്ചുപൊറുപ്പിക്കില്ല. വരും ദിവസങ്ങളിൽ, വരൾച്ച മൂലമുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാൻ നാം തയ്യാറായിരിക്കണം. രേഖകൾ നോക്കാനല്ല നമ്മൾ ഇവിടെ വന്നിരിക്കുന്നത്. എല്ലാ ഡേറ്റയും സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാന യാഥാർഥ്യവുമായി ഒത്തുനോക്കും. അതിനാൽ സ്ഥിരീകരണമില്ലാതെ കണക്കുകൾ മാത്രം നൽകരുത്.മഴക്കുറവ് മൂലമുണ്ടാകുന്ന ഏത് പ്രതിസന്ധിയും നേരിടാൻ അധികാരികൾ ‘ടീം കർണാടക’ ആയി പ്രവർത്തിക്കണം. കടുത്ത മഴക്കുറവ് കാരണം വരൾച്ച ലഘൂകരണ നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

60 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും 178 താലൂക്കുകളിൽ മഴക്കുറവ് നേരിടുന്നുണ്ടെന്നും ശിവകുമാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. കർഷകരുമായി നിരന്തരം സമ്പർക്കം പുലർത്താനും മഴയുടെയും ജലസംഭരണികളിലെ വെള്ളത്തിന്റെയും അടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനങ്ങളെക്കുറിച്ച് ഉപദേശം നൽകാനും അദ്ദേഹം ഡി.സിമാരോടും സി.ഇ.ഒമാരോടും നിർദേശിച്ചു.രണ്ടാം ഘട്ട വരൾച്ച വിലയിരുത്തൽ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന് മെമ്മോറാണ്ടം സമർപ്പിക്കാൻ കഴിയുന്ന തരത്തിൽ അടുത്ത 15 ദിവസത്തിനുള്ളിൽ ജില്ലാ തിരിച്ചുള്ള സമഗ്ര വിവരങ്ങൾ സമാഹരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.കുഴൽക്കിണർ നിർമാണത്തിലെ ക്രമക്കേടുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി, പുതുതായി കുഴിക്കുന്ന ഓരോ കുഴൽക്കിണറും വീഡിയോയിൽ പകർത്തണമെന്ന് നിർദേശിച്ചു. കർണാടകം ഇതുവരെ കാണാത്ത തരത്തിലുള്ള വരൾച്ചയാണ് നേരിടുന്നതെന്ന് ഉപമുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമായ ജി. പരമേശ്വര പറഞ്ഞു. എൽ നിനോ പ്രതിഭാസം മൂലം സമുദ്രോപരിതല താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വർധിച്ചതായും സംസ്ഥാനത്തുടനീളം താപനില നാല് മുതൽ ആറ് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായും അദ്ദേഹം പറഞ്ഞു.

രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രതിസന്ധി ഉയർത്തിക്കാട്ടി, ടാങ്കർ വിതരണത്തെ ആശ്രയിക്കുന്ന ഗ്രാമങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണെന്ന് പരമേശ്വര പറഞ്ഞു. ജലസംഭരണിയിലെ വെള്ളം കുടിവെള്ള ആവശ്യങ്ങൾക്കായി കരുതിവെക്കണമെന്നും ജലസേചനത്തിനായി തുറന്നുവിടരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശം അദ്ദേഹം ആവർത്തിച്ചു.

Tags:    
News Summary - The government should be prepared to deal with drought - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.