ബംഗളൂരു: നിയമസഭയുടെ ബജറ്റ് സമ്മേളനം ഡിസംബർ നാലിന് ബെളഗാവി സുവർണ വിധാൻ സൗധയിൽ തുടങ്ങും. പത്തുദിവസം നീളും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
എല്ലാവർഷവും നിയമസഭയുടെ ബെളഗാവി സമ്മേളനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്താറുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി സർക്കാറിന്റെ കാലത്തും ബെളഗാവി സമ്മേളനം തുടങ്ങിയ ദിവസം കർണാടക-മഹാരാഷ്ട്ര അതിർത്തിത്തർക്കത്തിന്റെ ഭാഗമായി മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്) പ്രവർത്തകരുടെ നേതൃത്വത്തിൽ അതിർത്തിയിൽ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ബെളഗാവിയും, മറാഠിഭാഷ സംസാരിക്കുന്നവർ ഏറെയുള്ള കർണാടകയുടെ മറ്റുഭാഗങ്ങളും മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള സംഘടനയാണ് എം.ഇ.എസ്. ബംഗളൂരുവിലെ നിയമസഭാ മന്ദിരമായ വിധാൻസൗധയുടെ മാതൃകയിലാണ് അതിർത്തി ജില്ലയായ ബെളഗാവിയിൽ സുവർണ വിധാൻ സൗധ പണികഴിപ്പിച്ചത്.
ഇവിടെയാണ് സഭയുടെ ശീതകാല സമ്മേളനം ചേരാറ്. ബെളഗാവിയിലെ മറാഠി സംസാരിക്കുന്ന മേഖലകളെ കർണാടക അവഗണിക്കുന്നുവെന്ന ആരോപണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതുമുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തിത്തർക്കമുണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഗ്രാമങ്ങളാണ്. ഇത് തങ്ങളുടെ അധീനതയിൽ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം. 1956ലെ സ്റ്റേറ്റ് റക്കഗ്നിഷൻ നിയമം നടപ്പിലാക്കിയതിനുശേഷം കർണാടകയുമായുള്ള അതിർത്തി പുനർനിർണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു.
തുടർന്നാണ് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരിച്ചത്. തങ്ങളുടെ അധീനതയിലുള്ള കന്നട ഭാഷ സംസാരിക്കുന്നവർ അധിവസിക്കുന്ന 260 ഗ്രാമങ്ങൾ കർണാടകക്ക് നൽകാമെന്നും മഹാരാഷ്ട്ര പറയുന്നു.എന്നാൽ, ഇക്കാര്യങ്ങൾ തുടക്കം മുതൽ കർണാടക എതിർക്കുകയാണ്. ഇതോടെയാണ് ഇരുകൂട്ടരും പരമോന്നത കോടതിയെ സമീപിച്ചത്. കേസിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിർത്തിത്തർക്കം ഈയടുത്ത് മേഖലയിൽ സംഘർഷത്തിനിടയാക്കിയിരുന്നു.കഴിഞ്ഞ നവംബർ ഒന്നിന് കർണാടക പിറവിയോടനുബന്ധിച്ച് കന്നട രാജ്യോത്സവ ആഘോഷവുമായി ബന്ധപ്പെട്ടും ബെളഗാവി അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.