ബംഗളൂരു: ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ ശാലു മാരദ തിമ്മക്ക സുഖം പ്രാപിക്കുന്നു. 112 വയസ്സുള്ള അവർ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ ആൻജിയാപ്ലാസ്റ്റി കഴിഞ്ഞ് ഐ.സി.യുവിൽ കഴിയുകയാണ്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീർണതകൾ ഇല്ലായിരുന്നുവെന്നും പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി വൈസ് പ്രസിഡന്റും അപ്പോളോ സ്പെഷാലിറ്റി ഹോസ്പിറ്റൽ യൂനിറ്റ് ഹെഡുമായ ഡോ. ഗോവിന്ദ യതീഷ് പറഞ്ഞു.
വീട്ടിൽ വീണതിനെ തുടർന്നും മറ്റും ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് അവർ ചികിത്സ തേടിയതെന്ന് ദത്തുപുത്രനായ ഉമേഷ് പറഞ്ഞു. കർണാടകയിലെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിലൂടെയാണ് ശാലുമാരദ തിമ്മക്ക ലോകപ്രശസ്തയായത്. കർണാടകയിലെ ഹുളികൽ മുതൽ കുഡുർ വരെയുള്ള 45 കിലോമീറ്റർ ഹൈവേ റോഡിൽ 385 ആൽമരങ്ങളാണ് അവർ നട്ടുവളർത്തിയത്.
ഇതിനകം എണ്ണായിരത്തിലധികം മരങ്ങളാണ് നട്ടത്. തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്ക ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസമില്ല. ഗ്രാമത്തിലെ ക്വാറിയിൽ തൊഴിലാളിയായിരുന്നു. രാമനഗര ജില്ലയിലെ ഹുളികലിലെ ചിക്കയ്യയെ വിവാഹം കഴിച്ചതോടെയാണ് പ്രകൃതിസംരക്ഷണ പാതിയിലേക്ക് എത്തുന്നത്. ഇതോടെയാണ് ‘മരങ്ങളുടെ നിര’ എന്ന് കന്നടയിൽ അർഥമുള്ള ശാലുമാരദ എന്ന പേര് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.