ആഭ്യന്തര മന്ത്രി
ഡോ. ജി.പരമേശ്വര, വെങ്കിടേഷ് പ്രസാദ്
ബംഗളൂരു: ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ 11 ജീവൻ നഷ്ടമായ ചിന്നസ്വമി സ്റ്റേഡിയത്തിൽ ഐ.പി.എൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങൾ പുനരാരംഭിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് തീരുമാനം ബുധനാഴ്ച. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ), റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത പ്രതിനിധി സംഘം ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കമീഷണർ മഹേശ്വര റാവുവും ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്ങും അംഗങ്ങളായ സർക്കാർ തല സമിതിയുടെ മോൽനോട്ടത്തിൽ സ്റ്റേഡിയത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചാൽ മത്സരത്തിന് അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തേ സമർപ്പിച്ച ജസ്റ്റിസ് ഡി. കുൻഹ കമീഷൻ റിപ്പോർട്ടിന് പുറമെ 17 പ്രത്യേക നിർദേശങ്ങളും സർക്കാർ സംഘാടകർക്ക് നൽകിയിട്ടുണ്ട്.
സ്റ്റേഡിയം സന്ദർശിച്ച് ആവശ്യമായ സുരക്ഷാ നടപടിക്ക് സമിതി മേൽനോട്ടം വഹിക്കും. അതിനുശേഷം ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തിലായിരിക്കും അനുമതി സംബന്ധിച്ച തീരുമാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആർ.സി.ബി ആരാധകർക്ക് സന്തോഷവാർത്ത ലഭിക്കുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ പേസറുമായ വെങ്കിടേഷ് പ്രസാദ് പ്രതികരിച്ചു. സ്റ്റേഡിയത്തിലെ സുരക്ഷാ മുൻകരുതൽ സംബന്ധിച്ചും മറ്റ് നിബന്ധനകൾ പാലിക്കാൻ തയാറാണെന്നും ഉറപ്പുനൽകിയതായി പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.