കോളജ് വിദ്യാർഥിനിയെ ആക്രമിച്ച സ്ഥലത്ത് പൊലീസ് വിവരം ശേഖരിക്കുന്നു
മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ സ്കൂട്ടറിൽ സഞ്ചരിച്ച കോളജ് വിദ്യാർഥിനിയെ കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ചെറുത്ത് രക്ഷപ്പെട്ടെങ്കിലും പരിക്കേറ്റ വിദ്യാർഥിനിയെ ബെൽത്തങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബെൽത്തങ്ങാടി ടൗണിലെ സുഡെമുഗൂരു നിവാസിയായ ഒന്നാം പി.യു.സി വിദ്യാർഥിനി കോളജിലേക്ക് ബസ് പിടിക്കാൻ സന്തേകട്ടെയിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു. നമ്പർ പ്ലേറ്റ് തുണികൊണ്ട് മൂടിയ കാർ സ്കൂട്ടറിന് കുറുകെ നിർത്തി.
കാറിൽ നിന്നിറങ്ങിയ മൂന്നുപേർ വാഹനത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചു. പെൺകുട്ടി നിലവിളിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്തു. പിന്നിൽ നിന്ന് മറ്റൊരു സ്കൂട്ടർ വരുന്നത് ശ്രദ്ധയിൽപ്പെട്ട അക്രമി സംഘം പെൺകുട്ടിയെ കത്തി ഉപയോഗിച്ച് പരിക്കേൽപിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ബെൽത്തങ്ങാടി പൊലീസ് ആശുപത്രിയിലെത്തി വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.