കർണാടക സംസ്ഥാന ഉപലോകായുക്ത പരിശോധന നടത്തുന്നു
മംഗളൂരു: കർണാടക സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ബി. വീരപ്പ ശനിയാഴ്ച പുലർച്ച ഉഡുപ്പിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ അപ്രതീക്ഷിത റെയ്ഡുകൾ നടത്തി. കെടുകാര്യസ്ഥതയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം കേസുകൾ രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബ്രഹ്മാവർ വരമ്പള്ളി ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമാർജന യൂനിറ്റിലാണ് ആദ്യ പരിശോധന നടന്നത്.
അടുത്തിടെയുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച വസ്തുക്കൾ ഇതുവരെ നീക്കം ചെയ്യാത്തതിൽ ജസ്റ്റിസ് വീരപ്പ അതൃപ്തി പ്രകടിപ്പിക്കുകയും ഈ വിഷയത്തിൽ കേസ് ഫയൽ ചെയ്യാൻ ലോകായുക്ത പൊലീസിനോട് നിർദേശിക്കുകയും ചെയ്തു.തുടർന്ന് ആദി ഉഡുപ്പിയിലെ എ.പി.എം.സിയിൽ പരിശോധന നടത്തി കുടിവെള്ള, ശുചിത്വ സൗകര്യങ്ങൾ അവലോകനം ചെയ്തു. ശരിയായ ജലവിതരണത്തിന്റെ അഭാവത്തിലും ടോയ്ലറ്റുകളുടെ വൃത്തിഹീനമായ അവസ്ഥയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഈ വീഴ്ചകൾക്ക് കേസ് രജിസ്റ്റർ ചെയ്യാൻ ലോകായുക്ത പൊലീസിനോട് ആവശ്യപ്പെട്ടു.
പിന്നീട് കൗപ് മുനിസിപ്പാലിറ്റിയുടെ ഡമ്പിംഗ് യാർഡ് സന്ദർശിച്ചു. മുനിസിപ്പൽ ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാത്തതിൽ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.