ബംഗളൂരുവിൽ നടപ്പാത കൈയേറുന്ന കച്ചവടക്കാർക്കെതിരെ നടപടിയെടുക്കും; മന്ത്രി കൃഷ്ണബൈരേ ഗൗഡ
ബംഗളൂരു: നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും തെരുവ് കച്ചവടക്കാർ കൈയേറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരുവിലെ നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും, തെരുവ് കച്ചവടക്കാർക്ക് ബദൽ ക്രമീകരണങ്ങൾ നൽകുന്നതിനും, ഉപേക്ഷിക്കപ്പെട്ടതും പിടിച്ചെടുത്തതുമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി നടന്ന വെർച്വൽ യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്.
പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ റോഡുകള്‍ ഉൾപ്പെടെ അഞ്ച് നഗര കോർപറേഷനുകളിലായി 1,373.32 കിലോമീറ്റർ റോഡുകളിലെ കൈയേറ്റങ്ങൾ ഇതുവരെ ഒഴിപ്പിച്ചു. ഒഴിപ്പിച്ച സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനായി സിവിൽ, പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാൻ അദ്ദേഹം ഓരോ നഗരസഭക്കും നിർദേശം നൽകി. പതിവായി മിന്നല്‍ പരിശോധനകൾ നടത്തുകയും വീണ്ടും കൈയേറ്റം ഉണ്ടായാൽ ഉടൻ നടപടിയെടുക്കുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.