കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ്
ജാഗ്രതൈ; പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ്! 805 പമ്പുകളില്‍ നടത്തിയ പരിശോധനയില്‍ 768ലും ക്രമക്കേടെന്ന് മന്ത്രി
ബംഗളൂരു: പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി തട്ടിപ്പ് നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കർണാടകയിലുടനീളമുള്ള പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി.
805 പെട്രോള്‍ പമ്പുകളില്‍ നടത്തിയ പരിശോധനയില്‍ 768 പമ്പുകളിലും ഇന്ധന വിതരണത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു.
പെട്രോള്‍ പമ്പുകളിലെ ഉപഭോക്തൃ സംരക്ഷണം, പരാതി പരിഹാരം എന്നിവ ശക്തിപ്പെടുത്തുന്നതിനായി കർണാടകയിലുടനീളം മിഷൻ നിഖാര കാമ്പയിൻ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. നിലവില്‍ കർണാടകയിൽ 5,946 പെട്രോൾ ബങ്കുകളുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഇന്ധന പമ്പുകളുടെ പരിശോധന നടത്തുക, ഇവയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ ഡാഷ്ബോർഡ് ആരംഭിക്കുക, ഉപഭോക്തൃ പരാതി സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, വെരിഫിക്കേഷൻ തീയതി, ടോയ്ലറ്റുകൾ, കുടിവെള്ളം എന്നിവയുൾപ്പെടെ അവശ്യ സൗകര്യങ്ങളുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന നോട്ടീസ് ബോർഡുകൾ എല്ലാ പമ്പുകളിലും സ്ഥാപിക്കുക എന്നിവയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പെട്രോളിന്റെ അളവുമായി ബന്ധപ്പെട്ട പരാതികൾ ടോൾ ഫ്രീ നമ്പര്‍ വഴിയോ ഇ-മെയിൽ വഴിയോ സമർപ്പിക്കാം.
പെട്രോൾ പമ്പുകളിലെ 3,071 പെട്രോള്‍ പമ്പുകളിലെ ഇന്ധനം നിറക്കുന്ന നോസിലുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതില്‍ 2,618 എണ്ണത്തില്‍ പൊരുത്തക്കേടുകൾ കണ്ടെത്തി.
സർക്കാർ നിയമങ്ങൾ പ്രകാരം അഞ്ച് ലിറ്റർ ഇന്ധനത്തിന് 25 മില്ലി വരെ വ്യത്യാസം അനുവദനീയമാണ്. ചില ബങ്കുകളിൽ 60 മില്ലി മുതൽ 100 മില്ലി വരെ വ്യത്യാസങ്ങൾ ഉള്ളതായി കണ്ടെത്തി. 25 മില്ലിയിൽ കൂടുതൽ വ്യത്യാസം കണ്ടെത്തിയ 101 ബങ്കുകൾക്കെതിരെ കേസെടുത്തതായും 6.66 ലക്ഷം രൂപ പിഴ ചുമത്തിയതായും മന്ത്രി പറഞ്ഞു. ശേഷിക്കുന്ന പെട്രോൾ പമ്പുകളിൽ പരിശോധന തുടരുമെന്നും പൊരുത്തക്കേടുകൾ കണ്ടെത്തിയ ബങ്കുകൾ പിഴവുകൾ പരിഹരിച്ചിട്ടുണ്ടോ എന്ന് വകുപ്പ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നിയമങ്ങൾ പ്രകാരം പെട്രോൾ പമ്പുകളില്‍ എല്ലാ വർഷവും പരിശോധന നടത്തണം. രണ്ട് വർഷത്തിലൊരിക്കൽ പരിശോധന നടത്താനുള്ള കേന്ദ്ര വിജ്ഞാപനവും സ്വകാര്യ ഏജൻസികൾക്ക് പരിശോധന നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനവും സംസ്ഥാനം അംഗീകരിക്കില്ല.
സംസ്ഥാന മന്ത്രിസഭയിൽ വിഷയം ചർച്ച ചെയ്ത ശേഷം സർക്കാറിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർഷിക പരിശോധനകൾ നടക്കുമ്പോൾ പോലും കാര്യമായ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തുന്നത് ഉപഭോക്താക്കളെ ബാധിക്കുമെന്നും അർഷാദ് പറഞ്ഞു.
പമ്പുകളില്‍ അഞ്ചു ലിറ്റര്‍ ശേഷിയുള്ള ടിന്നുകള്‍ സൂക്ഷിക്കണം. പെട്രോൾ പമ്പുകൾ അവരുടെ അവസാന പരിശോധന നടത്തിയ തീയതിയും അടുത്ത പരിശോധനയുടെ തീയതിയും പരസ്യമായി പ്രദർശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.