പ്രതി ഡബ്ല്യു. ഭാസ്‌കർ റെഡ്ഡി
ഇടിച്ച കാറിന്റെ ഡിക്കിയിൽ 13കാരന്റെ മൃതദേഹം, പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം
ബംഗളൂരു: അപകടത്തിൽപെട്ട കാറിന്റെ ഡിക്കിയിൽ 13കാരന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് അരുംകൊല. കുട്ടിയെ അയല്‍വാസി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന മനോഹറിന്‍റെ മകന്‍ പ്രജ്വല്‍(13)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ ഡബ്ല്യു. ഭാസ്‌കർ റെഡ്ഡി (28)യെ പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
പടക്കം വാങ്ങി തരാം എന്ന് പറഞ്ഞ് അയല്‍വാസിയായ പ്രതി പ്രജ്വലിനെ കാറില്‍ കയറ്റി കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. വിഡിയോകോളില്‍ മാതാപിതാക്കളോട് സംസാരിക്കാന്‍ കുട്ടിയെ നിര്‍ബന്ധിച്ചെങ്കിലും കുട്ടി അനുസരിച്ചില്ല. ഇതോടെ കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹവുമായി ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ചു. സംഭവത്തില്‍ റെഡ്ഡിയെ നാട്ടുകാർ പിടികൂടി ചിക്കജാല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യലില്‍ ആൺകുട്ടി അപകടത്തില്‍പ്പെട്ടുവെന്നും മൃതദേഹം കൊണ്ടുപോകുകയായിരുന്നുവെന്നും റെഡ്ഡി പൊലീസിനോട് പറഞ്ഞു. ഇതിനിടെ, പ്രജ്വലിന്റെ മാതാപിതാക്കൾ തങ്ങളുടെ മകനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകലും കൊലപാതകവും പുറത്തുവന്നത്.
പണത്തിന് വേണ്ടിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യെലഹങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.