സംസ്ഥാനത്തെ ജയിലുകൾ ഹൈടെക് ആകുന്നു

ബംഗളൂരു: ജയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും സർക്കാർ മൈസൂരിലെ സെൻട്രൽ ജയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് പ്രധാന ജയിലുകളിൽ സാങ്കേതികവിദ്യാധിഷ്ഠിത ജയിൽ മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നു.

തടവുകാരുടെ ചലനം തത്സമയം നിരീക്ഷിക്കുക, പണരഹിത കാന്‍റീന്‍ സംവിധാനം, ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഫോൺ കാളിങ് കിയോസ്‌ക്കുകൾ എന്നിവ ഡിജിറ്റൽ പരിഷ്കരണത്തിൽ ഉൾപ്പെടും. ബംഗളൂരു, മൈസൂരു, കലബുറഗി, ബെല്ലാരി, ബെലഗാവി, ധാർവാഡ്, വിജയപുര, ശിവമൊഗ്ഗ, ബിദർ എന്നിവിടങ്ങളിലെ ജയിലുകളിലാണ് സംവിധാനം നടപ്പാക്കുകയെന്ന് ജയിൽ ആൻഡ് കറക്ഷനൽ സർവിസസ് പൊലീസ് ഡയറക്ടർ ജനറൽ അലോക് കുമാർ പറഞ്ഞു. പരപ്പന അഗ്രഹാര ജയിലില്‍ സംവിധാനത്തിന്‍റെ ട്രയല്‍ റണ്‍ നടത്തി.

ജയിലുകളിലുടനീളം 115 ബയോമെട്രിക് കാളിങ് കിയോസ്‌ക്കുകൾ സ്ഥാപിക്കും. മൈസൂരുവിൽ മാത്രം 10 കിയോസ്‌ക്കുകൾ സ്ഥാപിക്കും. ഇതിലൂടെ വിരലടയാളവും മുഖം തിരിച്ചറിയലും നടത്തിയ ശേഷം മാത്രമേ തടവുകാരെ ഫോൺ വിളിക്കാൻ അനുവദിക്കൂ. കാളുകൾ മുൻകൂട്ടി പരിശോധിച്ച നമ്പറുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തും. ദുരുപയോഗം തടയുന്നതിന് ജയിൽ അധികാരികൾക്ക് തത്സമയ കാൾ ലോഗുകൾ, റെക്കോഡിങ്ങുകൾ, ഡാഷ്‌ബോർഡുകൾ എന്നിവയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

ഒരേസമയം 300 കാളുകൾ വരെ പിന്തുണക്കുന്ന തരത്തിലാണ് സിസ്റ്റം രൂപകൽപന ചെയ്‌തിരിക്കുന്നത്. പണരഹിതവും ബയോമെട്രിക് സൗകര്യമുള്ളതുമായ കാന്‍റീനുകൾ ആരംഭിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജയിൽ നിയമാനുസൃതമായി ചെലവ് ബന്ധുക്കൾക്ക് ഓൺലൈനായി അടക്കാന്‍ കഴിയും. മനുഷ്യരുടെ ഇടപെടൽ കുറക്കുക, ഉത്തരവാദിത്തം മെച്ചപ്പെടുത്തുക, ജയിലുകൾക്കുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് സാങ്കേതികവിദ്യ നവീകരണം ലക്ഷ്യമിടുന്നതെന്ന് അലോക് കുമാർ പറഞ്ഞു. 

Tags:    
News Summary - State prisons are becoming high-tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.