പ്രജ്വൽ രേവണ്ണ
ബംഗളൂരു: ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഫയൽ ചെയ്ത നാല് ബലാത്സംഗ കേസുകളിൽ ഒന്നിന്റെ വിചാരണ പൂർത്തിയായി. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു. ഹാസൻ ഹോളെനരസിപുരയിലെ ഒരു വീട്ടുജോലിക്കാരി നൽകിയ പരാതി പ്രകാരമാണ് പ്രജ്വലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.
പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് പിന്നീട് സി.ഐ.ഡിക്ക് കൈമാറിയ കേസിൽ ജെ.ഡി-എസ് നേതാവായ പ്രജ്വൽ രേവണ്ണ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രജ്വലിന്റെ ജാമ്യാപേക്ഷകൾ നേരത്തേ പ്രാദേശിക കോടതിയും ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ 26 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി വിശദമായ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വിചാരണക്കിടെ രേവണ്ണയെയും 26 സാക്ഷികളെയും കോടതി വിസ്തരിച്ചു. കുറ്റപത്രത്തിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങൾ അവതരിപ്പിച്ചു. രേവണ്ണക്കെതിരായ ശേഷിക്കുന്ന മൂന്ന് ബലാത്സംഗ കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.