മംഗളൂരു: ധർമസ്ഥലയിൽ 2012ൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതൃസഹോദരൻ വിട്ടൽ ഗൗഡയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വനത്തിൽ കൊണ്ടുപോയി വീണ്ടും തെളിവെടുപ്പ് നടത്തി. ധർമസ്ഥല കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ സാക്ഷി ഹാജരാക്കിയ തലയോട്ടി താൻ കൈമാറിയതാണെന്ന് ഗൗഡ എസ്.ഐ.ടിയെ അറിയിച്ചിരുന്നു.
അത് കണ്ടെടുത്ത സ്ഥലം അടയാളപ്പെടുത്താൻ നേത്രാവതി തീരത്തെ സ്നാന ഘട്ടത്തോട് ചേർന്ന വനത്തിൽ ഈ മാസം ആറിന് എസ്.ഐ.ടി ഗൗഡയുമൊത്ത് പോയിരുന്നു. അന്ന് പൂർത്തിയാക്കാൻ കഴിയാതിരുന്ന മഹസർ തയാറാക്കുന്നതിന്റെ ഭാഗമാണ് വീണ്ടും കൊണ്ടുപോയത്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷം നിലപാട് മാറ്റിയ കർണാടക മാണ്ഡ്യ സ്വദേശി ചിന്നയ്യ തലയോട്ടി ഹാജരാക്കിയിരുന്നു.
ഇത് വൈദ്യശാസ്ത്ര പഠന-ഗവേഷണ കേന്ദ്രത്തിൽനിന്ന് സംഘടിപ്പിച്ച 40 വർഷം പഴക്കമുള്ളതാണെന്ന നിഗമനമുണ്ടായി. കേസുകളുടെ അടിത്തറ ഇളക്കുന്ന ഈ നിഗമനം ശരിയല്ലെന്ന് സ്ഥാപിക്കുന്നതിനാണ് ചിന്നയ്യക്ക് തലയോട്ടി കൈമാറിയത് താനാണെന്ന് അവകാശപ്പെട്ട് ഗൗഡ രംഗത്ത് വന്നത്. ഇതോടെ കേന്ദ്ര, കർണാടക സർക്കാർ ഏജൻസികൾ അന്വേഷിച്ചിട്ടും ഘാതകരെ കണ്ടെത്താൻ കഴിയാത്ത സൗജന്യ കേസ് അന്വേഷണത്തിന് പുതുജീവനായി. കേസിൽ പ്രതികളായിരുന്ന ഉദയ് ജെയിൻ, മല്ലിക് ജെയിൻ, ധീരജ് കെല്ല എന്നിവർക്ക് പതിമൂന്നാം വർഷം എസ്.ഐ.ടി നോട്ടീസ് അയക്കുകയും ഉദയ് ജെയിൻ ഹാജരായി മൊഴി നൽകുകയും ചെയ്തതോടെ സൗജന്യയുടെ കുടുംബം വലിയ പ്രതീക്ഷയിലാണ്.
വിട്ടിൽ ഗൗഡയെ എസ്.പി.സി.എ സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതി സുരക്ഷയോടെ വനത്തിൽ കൂട്ട ശവസംസ്കാര സ്ഥലത്തേക്ക് കൊണ്ടുപോയത്. ഒരു മണിക്കൂറിന് ശേഷം സംഘം കാട്ടിൽനിന്ന് പുറത്തുവന്നു. അസിസ്റ്റന്റ് കമീഷണർ, തഹസിൽദാർ, എഫ്.എസ്.എൽ ടീം എന്നിവർ എസ്.ഐ.ടി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.നേരത്തേ മഹസർ തയാറാക്കിയപ്പോൾ മനുഷ്യശരീരത്തിന്റെ ചില അവശിഷ്ടങ്ങൾ ഉപരിതലത്തിൽ ഉണ്ടായിരുന്നു. സന്ധ്യയായതിനാൽ എസ്.ഐ.ടിക്ക് അത് ശരിയായി പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.
അതിനാൽ, കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഗൗഡയെ വീണ്ടും കൊണ്ടുപോയതെന്ന് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു. എസ്.ഐ.ടി വിട്ടൽ ഗൗഡയെ കൊണ്ടുപോകുന്നതിനിടെ, ‘കുഡ്ല റാംപേജ്’ എന്ന യൂട്യൂബർ അജയ്യുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.