ശിവം അസോസിയേറ്റ്സ് ഉടമ ശിവാനന്ദ് നീലന്നവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍
ബംഗളൂരു: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) നിയമങ്ങൾ ലംഘിച്ച് അനധികൃത പണമിടപാട് നടത്തുകയും ആയിരക്കണക്കിന് ആളുകളോട് പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് ശിവം അസോസിയേറ്റ്സ് ഉടമ ശിവാനന്ദ് നീലന്നവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശിവാനന്ദിനെതിരെ വെള്ളിയാഴ്ച രാത്രി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ ശിവാനന്ദിനെ ചോദ്യം ചെയ്യുകയും ചെയ്തതായി സിറ്റി പൊലീസ് കമീഷണർ ബുഷാൻ ബോറസെ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടോടെ ഡെപ്യൂട്ടി കമീഷണർ മുഹമ്മദ് റോഷന്‍റെ നിർദേശപ്രകാരം അസി.കമീഷണർ ശ്രാവൺ നായക്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശിവാനന്ദിന്‍റെ ഓഫിസുകളിൽ 24 മണിക്കൂർ റെയ്ഡ് നടത്തി. പണം കൈമാറ്റം സംബന്ധിച്ച ആരോപണങ്ങളുടെ പേരിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഓഫിസിൽ നിന്ന് സുപ്രധാന സാമ്പത്തിക രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
മണി ചെയിന്‍ തട്ടിപ്പിലൂടെ ഏകദേശം 5,000 നിക്ഷേപകരില്‍ നിന്നും ഏകദേശം 4,600 കോടി രൂപ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായുള്ള രേഖകള്‍ റെയ്ഡില്‍ കണ്ടെത്തി. ശിവം അസോസിയേറ്റ്സിന്‍റെ നിയന്ത്രണത്തിലുള്ള ഒരു അപ്പാർട്മെന്‍റില്‍ നിന്നും രണ്ട് ഓഫിസുകളിൽനിന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തെക്കുറിച്ചുള്ള വിശദമായ പ്രാഥമിക റിപ്പോർട്ട് എ.സി. നായക് വെള്ളിയാഴ്ച ഡി.സിക്ക് സമർപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിലെ (സി.ഐ.ഡി) മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ കേസ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.