കന്നഡ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നു
ബംഗളൂരു: കർണാടകയില്‍ ബന്ദ് സമാധാനപരമായി നടന്നു. മാണ്ഡ്യയില്‍ ഒഴികെ മറ്റിടങ്ങളില്‍ ജനജീവിതം പതിവുപോലെയായിരുന്നു. സ്കൂളുകളും കോളജുകളും പതിവ് പോലെ പ്രവര്‍ത്തിച്ചു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് വട്ടല്‍ നഗരാജിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ് ആഹ്വാനം ചെയ്തത്. വിവിധ കന്നഡ സംഘടനകളും ബന്ദിന് പിന്തുണ നല്‍കിയിരുന്നു. കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിയുടെ സമീപകാല ഉത്തരവ് പ്രകാരം കർണാടക അയൽസംസ്ഥാനമായ തമിഴ്‌നാടിന് 15,000 ക്യുസെക്‌സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന് നിർദേശത്തില്‍ പ്രതിഷേധിച്ചായിരുന്നു ബന്ദ്.
മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികളിൽ പുരോഗതി വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി, തമിഴ്നാട് ബസ് സര്‍വിസുകള്‍ എന്നിവ പതിവുപോലെ നടന്നു. കാവേരി പ്രക്ഷോഭത്തിന്‍റെ പ്രഭവകേന്ദ്രമായ മാണ്ഡ്യയിൽ സഞ്ജയ് സർക്കിളിലും മറ്റ് സ്ഥലങ്ങളിലും കർഷകരും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. ഒഴിഞ്ഞ കലങ്ങളും മുതിരയും വഹിച്ചുകൊണ്ട് ‘നമ്മുടെ വെള്ളം, നമ്മുടെ അവകാശം’, യാതൊരു കാരണവശാലും തമിഴ്നാടിന് വെള്ളം കൊടുക്കരുതെന്നുമുള്ള മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ ബംഗളൂരു-മൈസൂർ പഴയ ഹൈവേ ഉപരോധിച്ചു.
വിജയനഗറിൽ ബന്ദ് കാര്യമായ സ്വാധീനം ചെലുത്തിയില്ല, പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, സ്കൂളുകൾ, കോളജുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പതിവുപോലെ പ്രവർത്തിച്ചു. അന്തർസംസ്ഥാന അതിർത്തിയിലെ ജുജുവാഡിയിലെ കർണാടക പ്രവേശന കവാടത്തിന് സമീപം പ്രകടനക്കാർ ഒത്തുകൂടി. പ്രതിഷേധം ശക്തി പ്രാപിച്ചതോടെ കർണാടകയിലേക്ക് പോകുന്ന ബസുകളും മറ്റ് വാഹനങ്ങളും അതിർത്തിയുടെ തമിഴ്നാട് ഭാഗത്ത് തടഞ്ഞു. ബംഗളൂരുവിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്ന നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കി. വട്ടൽ നാഗരാജിനെ ബംഗളൂരുവിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബന്ദിന്‍റെ പശ്ചാത്തലത്തിൽ ബെലഗാവിയിലുടനീളം പൊലീസിനെ വിന്യസിച്ചു. ബസ്, റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ഏർപ്പെടുത്തി.
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് കന്നഡ പ്രവർത്തകർ ബന്ദ് ആഹ്വാനം പിൻവലിച്ചതായി പ്രഖ്യാപിച്ചതായി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിയുടെ (സി.ഡബ്ല്യു.എം.എ) നിർദേശത്തെ സംസ്ഥാന സർക്കാർ നിയമപരമായി ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ശിവകുമാർ ഉറപ്പ് നൽകിയതിനാലാണ് പ്രതിഷേധം താൽകാലികമായി നിർത്തുന്നതെന്ന് കർണാടക ബന്ദ് പിൻവലിച്ച ശേഷം ആക്ടിവിസ്റ്റുകൾ പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ പ്രധാന ആവശ്യമായിരുന്ന കർണാടകയുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനായി സർക്കാർ ഉടൻ പുനഃപരിശോധന ഹരജി സമർപ്പിക്കാൻ പദ്ധതിയിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.