ബംഗളൂരു: വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ശക്തിയാത്ര വൻഹിറ്റ്. തീർഥാടന കേന്ദ്രങ്ങളിലേക്കടക്കം മുമ്പത്തേക്കാൾ അധികം സ്ത്രീകളാണ് സർക്കാർ ബസുകൾ വഴി എത്തുന്നത്. ശക്തി പദ്ധതി ആരംഭിച്ചതോടെ തെക്കൻ കർണാടകയിലെ ബസ് ടെർമിനലുകളിൽ സ്ത്രീ യാത്രക്കാരുടെ വൻതിരക്കാണ്. മൈസൂരു, ഹാസൻ, ചാമരാജ്നഗർ ജില്ലകളില തീർഥാടനകേന്ദ്രങ്ങളിലേക്കുള്ള ബസുകളിൽ കയറിപ്പറ്റാൻ മൈസൂരു സിറ്റി, സബർബൻ സ്റ്റാൻഡുകളിൽ അവധി ദിവസമായ ഞായറാഴ്ചകളിലും ശനിയാഴ്ചകളിലും രാവിലെ മുതൽ നൂറുകണക്കിന് സ്ത്രീകളാണ് എത്തുന്നത്.
ഇേതാടെ ചാമുണ്ഡിഹിൽസിലേക്കടക്കം കർണാടക ആർ.ടി.സി അധിക സർവിസുകൾ നടത്തുകയാണ്. ഇതോടെ എല്ലാ ബസുകളിലും യാത്രക്കാർ കൂടിയിട്ടുണ്ട്. ശക്തി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാരുടെ എണ്ണം ദിനേന വർധിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 17.93 ലക്ഷം സ്ത്രീകളാണ് ബി.എം.ടി.സി ബസിൽ യാത്ര ചെയ്തത്. 2.3 കോടിരൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. ശക്തി പദ്ധതി ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ബി.എം.ടി.സി ബസിലെ പതിവ് യാത്രക്കാരിൽ 45-50 ശതമാനം വരെ സ്ത്രീകളാണ്. തിരക്കേറിയതോടെ നഗരത്തിൽ കൂടുതൽ ബി.എം.ടി.സി കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നഗരത്തിന്റെ ഉൾപ്രദേശങ്ങളിലെ നിർമാണ കമ്പനികളിലേക്കും വസ്ത്രനിർമാണ കേന്ദ്രങ്ങളിലേക്കും ദിനേന ആയിരക്കണക്കിന് സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. അവിടങ്ങളിൽ ബി.എം.ടി.സി ബസുകൾ ഇല്ലാത്തതിനാൽ മറ്റ്മാർഗങ്ങൾ തേടേണ്ട സ്ഥിതിയാണ് സ്ത്രീകൾക്ക്.
കുറഞ്ഞ വരുമാനക്കാരായ സ്ത്രീകൾ സ്വകാര്യ ബസുകളെയും സമാന്തര സർവിസുകളെയും ആശ്രയിച്ചാണ് കൂടുതലായി ജോലിക്കെത്തുന്നത്. അതേസമയം, സർക്കാർ ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിച്ചിട്ടും മെട്രോ യാത്രക്കാരുടെ എണ്ണം കുറയുന്നില്ലെന്ന് അധികൃതർ പറയുന്നു. സൗജന്യയാത്ര പദ്ധതി നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ ജൂൺ 12ന് 6.32 ലക്ഷം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ചൊവ്വാഴ്ച 6.15 ലക്ഷം പേരും എത്തി. ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 6.3 ലക്ഷം കടന്നിട്ടുണ്ട്.
കഴിഞ്ഞ 20 ദിവസത്തിനിടെ 50,000 യാത്രക്കാർ വർധിച്ചതായി ബി.എം.ആർ.സി അറിയിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ നാല് സ്ഥാപനങ്ങളുടെ സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ ആനുകൂല്യം ലഭ്യമാണ്. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തി വരെ യാത്ര ചെയ്യാം.
അതിർത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാകും. ഇതിനുശേഷം യാത്ര നടത്താൻ പണം നൽകണം. ആഡംബര ബസുകളായ രാജഹംസ, നോൺ എ.സി. സ്ലീപ്പർ, വജ്ര, വായു വജ്ര, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ഗോൾഡ് ക്ലാസ്, അംബാരി, അംബാരി ഡ്രീം ക്ലാസ്, അംബാരി ഉത്സവ് ഫ്ലൈ ബസ്, ഇ.വി. പവർ പ്ലസ് എന്നിവയിൽ സൗജന്യ യാത്ര അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.