ബംഗളൂരു: സത്യം മറച്ചു, പകരം വികാരം, വിശ്വാസം, ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഹൃദയശൂന്യമായ കാലത്തെയാണ് ‘സത്യാനന്തരകാല’മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും സത്യവും അസത്യവും വേർതിരിക്കാനാവാത്തവിധം അന്ധകാരം വ്യാപിക്കുകയാണെന്നും ഈ വ്യാജ നിർമിതികളെ അതിജീവിക്കാൻ ഓരോരുത്തരും തയാറാവണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.ആർ. കിഷോർ അഭിപ്രായപ്പെട്ടു.
ശാസ്ത്രത്തേയും ചരിത്രത്തെയും അകറ്റി സത്യവിരുദ്ധതയും നുണകളും പ്രചരിപ്പിച്ചു പൊതുബോധ നിർമിതി നടത്തി അധികാരം കൈവരിക്കുന്ന പ്രവണത തൊണ്ണൂറുകളിൽ ആരംഭിച്ചെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇതു വ്യാപിക്കുകയാണെന്നും ഈ കെടുതിയിൽനിന്നു മുക്തമാവാൻ കഴിയുന്നില്ലെങ്കിൽ വരും തലമുറയുടെ ഭാവി ശോഭനമായിരിക്കില്ലെന്നും തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ ‘സത്യാനന്തര കാലം- കെടുതികളും അതിജീവനവും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യാനന്തരകാലത്തിന്റെ ഇന്ത്യൻ രാഷ്ട്രീയം നുണകളുടെയും, തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്നും നോട്ട് നിരോധനത്തിന്റെ പരാജയം മറച്ചുവെക്കൽ, പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ നുണപ്രചരണങ്ങൾകൊണ്ട് മറികടക്കൽ, കോവിഡ് കണക്കുകളുടെ മറച്ചുവെക്കൽ എല്ലാം ഭരണകൂടത്തിന്റെ ഇത്തരം പ്രവണതക്ക് ഉദാഹരണമാണെന്നും ചൂണ്ടിക്കാണിച്ചു. പി. മോഹൻദാസ് അധ്യക്ഷതവഹിച്ചു.
സത്യാനന്തരകാലത്തെ അതിജീവനത്തിന് ഓരോരുത്തരും കൂട്ടമായും ശാസ്ത്രത്തെയും, ഫാക്ട് ചെക്കിങ്, നിർമിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യകളെയും ആശ്രയിക്കണമെന്നും ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.വി. പ്രതിഷ് അഭിപ്രായപ്പെട്ടു. ശാന്തകുമാർ എലപ്പുള്ളി, സി. ജേക്കബ്, ആർ.വി. പിള്ള, എം.ബി. മോഹൻദാസ്, പ്രഭാകരൻ പിള്ള, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കൽപ്പന പ്രദീപ് എന്നിവർ സംസാരിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.