പോക്സോ കേസിൽ പ്രതിയായ യുവാവിന്‍റെ പിതാവിനെ ബി.ജെ.പി പുറത്താക്കി

മംഗളൂരു: പെൺകുട്ടിയെ ഗർഭിണിയാക്കിയതിന് കുറ്റാരോപിതനായ ശ്രീകൃഷ്ണ ജെ. റാവുവും ഇരയായ പെൺകുട്ടിയും തമ്മിൽ വിവാഹം നടത്തുന്നതിൽ പരാജയപ്പെട്ടതിന് പുത്തൂരിലെ യുവാവിന്റെ പിതാവും ബി.ജെ.പി നേതാവുമായ പി.ജി. ജഗന്നിവാസ് റാവുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സതീഷ് കുമ്പളയാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

വിവാഹ വാഗ്ദാനം നൽകി സഹപാഠിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവളെ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ശ്രീകൃഷ്ണക്ക് ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കുട്ടിയുടെ ഡി.എൻ.എ പരിശോധന റിപ്പോർട്ട് പ്രകാരം പിതാവ് ശ്രീകൃഷ്ണയാണെന്ന് സ്ഥിരീകരിച്ചു. മകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞയുടനെ റാവുവിന് നോട്ടീസ് നൽകുകയും പാർട്ടിയിൽനിന്ന് അകറ്റിനിർത്തുകയും ചെയ്തിരുന്നു.

ഡി.എൻ.എ പരിശോധനയിൽ തന്റെ മകൻ വിവാഹത്തിന്റെ മറവിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൽ, യുവദമ്പതികളെ പുത്തൂരിൽ വിവാഹം കഴിപ്പിക്കാൻ മുൻകൈയെടുക്കുമെന്ന് റാവു ഉറപ്പുനൽകിയിരുന്നുവെന്ന് സതീഷ് പറഞ്ഞു. പുത്തൂർ എം.എൽ.എ അശോക് കുമാർ റായിക്കും റാവു അങ്ങനെ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, റാവു തന്റെ വാഗ്ദാനം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.

അതിനാൽ, അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചു. ഇരക്ക് നീതി ലഭിക്കുന്നതുവരെ പാർട്ടി അംഗങ്ങൾ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ മംഗളൂരു സിറ്റി കോർപറേഷൻ മുൻ മേയർ സുധീർ ഷെട്ടി കണ്ണൂർ, നേതാക്കളായ വസന്ത ജെ. പൂജാരി, അരുൺ ജി. ഷെട്ട് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - BJP expels father of youth accused in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.