മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ പുഞ്ചൽക്കട്ടെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച വനിത പൊലീസ് ഓടിച്ച നാനോ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മർനബൈലു നിവാസി ഇമ്രാൻ മുഹമ്മദ് താഹാണ് (40) കൊല്ലപ്പെട്ടത്. പിലാതബെട്ടു കട്ടിമാനിലുവിൽ ബൈക്കും കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
മംഗളൂരു ഡി.സി.ആർ.ഇ ഡിവിഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസ് കോൺസ്റ്റബ്ൾ പ്രസന്നയാണ് കാർ ഓടിച്ചിരുന്നത്. തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരു കാൽ ഒടിഞ്ഞുപോവുകയും ചെയ്ത താഹ് സംഭവസ്ഥലത്ത് മരിച്ചു. പരിക്കേറ്റ് റോഡിൽ കിടന്നയാളെ അവഗണിച്ച് കോൺസ്റ്റബിൾ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഉപേക്ഷിച്ച കാറിനുള്ളിൽ കണ്ട മദ്യക്കുപ്പികൾ പകർത്തിയ വിഡിയോ ചിലർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറലായി.
കാറിനുള്ളിൽ പൊലീസ് തൊപ്പിയും കണ്ടെത്തിയതോടെ ഉദ്യോഗസ്ഥൻ മദ്യപിച്ചിരിക്കാം എന്ന സംശയം ഉയർന്നു. സ്ത്രീ പങ്കുവെച്ച വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ട ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് കെ. അരുൺ അന്വേഷണത്തിന് നിർദേശം നൽകി. വിഡിയോ നിർമിച്ച സ്ത്രീയുടെയും കൊല്ലപ്പെട്ട താഹിന്റെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ കോൺസ്റ്റബ്ൾ പ്രസന്നയെ പരിശോധിച്ചു. ഇത് നെഗറ്റിവ് ആയതിനെത്തുടർന്ന് രക്തപരിശോധനക്കും എസ്.പി നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് പുഞ്ചൽക്കട്ടെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.