ബംഗളൂരു: ബെളഗാവിയിലെ സുവർണ വിധാൻസൗധയിൽ കഴിഞ്ഞ ബി.ജെ.പി ഭരണകാലത്ത് സ്ഥാപിച്ച ഹിന്ദുത്വ പ്രചാരകൻ വി.ഡി. സവർക്കറുടെ പൂർണകായ ചിത്രം നീക്കുന്നത് സംബന്ധിച്ച് ഒരു നിർദേശവും തന്റെ മുന്നിലില്ലെന്ന് സ്പീക്കർ യു.ടി. ഖാദർ. സവർക്കറുടെ ചിത്രം നീക്കി പകരം നെഹ്റുവിന്റെ ചിത്രം വെക്കാൻ കോൺഗ്രസ് സർക്കാർ ആലോചിക്കുന്നുവെന്ന അഭ്യൂഹം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് ആ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും അത്തരമൊരു നിർദേശം തനിക്കു മുന്നിലില്ലെന്നും യു.ടി. ഖാദർ പറഞ്ഞു. ആദ്യം ആ നിർദേശം വരട്ടെ, അപ്പോൾ അത് ചർച്ചചെയ്യാം. സവർക്കർ ചിത്രം നീക്കുന്ന വിഷയം സ്പീക്കറുടെ തീരുമാനത്തിന് വിട്ടുവെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച അറിയിച്ചത്.
സവർക്കറുടെ ചിത്രം നീക്കാനുള്ള കോൺഗ്രസ് സർക്കാറിന്റെ നീക്കം ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ബി.ജെ.പി നിയമസഭയിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. ഇതുസംബന്ധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ വാക്പോരും നടന്നു. 2022 ഡിസംബറിൽ ബി.ജെ.പി ഭരണകാലത്ത് സവർക്കറുടെ ചിത്രം സുവർണ സൗധയിൽ തൂക്കിയത് ചട്ടപ്രകാരമല്ലെന്നാണ് കോൺഗ്രസ് അംഗങ്ങളുടെ ആരോപണം. താൻ ഭരണഘടനപ്രകാരം പ്രവർത്തിക്കുമെന്ന് യു.ടി. ഖാദർ സഭയിൽ അറിയിച്ചിരുന്നു.
സവർക്കറുടെ ചിത്രം നിയമസഭയിൽനിന്ന് നീക്കുന്നതാണ് ശരിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അനുമതി നൽകിയാൽ താൻതന്നെ ആ ചിത്രം മാറ്റുമെന്നും ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. അത് നിയമപ്രകാരം നടക്കേണ്ടതുണ്ട്. സ്പീക്കർ എന്താണോ പറയുന്നത് അത് അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം സവർക്കറെക്കുറിച്ച തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബി.ജെ.പി തയാറാകട്ടെ, എന്നിട്ടാവാം ചിത്രം സ്ഥാപിക്കലും പ്രതിമ ഉയർത്തലും. ആരാണ് സവർക്കർക്ക് വീർ എന്ന സ്ഥാനം നൽകിയത്? ബ്രിട്ടീഷുകാരിൽനിന്ന് സവർക്കർ പെൻഷൻ വാങ്ങിയിരുന്നോ ഇല്ലയോ? അഞ്ചാറു പ്രാവശ്യം അദ്ദേഹം ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയിരുന്നോ ഇല്ലയോ? അദ്ദേഹത്തിന്റെ കുടുംബം മാപ്പെഴുതിനൽകിയിരുന്നോ ഇല്ലയോ? - ഖാർഗെ ചോദിച്ചു.
കഴിഞ്ഞവർഷം സവർക്കറുടെ ചിത്രം നിയമസഭയിൽ വെക്കുമ്പോൾ പ്രതിപക്ഷനേതാവായ സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. സുവർണ വിധാൻ സൗധക്കു മുന്നിൽ കുവെമ്പു, നാരായണ ഗുരു, ശിശുനാല ശരീഫ്, നെഹ്റു, ബാബു ജഗ്ജീവൻ റാം തുടങ്ങിയവരുടെ ചിത്രങ്ങളുമേന്തിയായിരുന്നു പ്രതിഷേധം. നെഹ്റുവിന്റെയടക്കം ചിത്രമൊഴിവാക്കി സവർക്കറുടെ ചിത്രം വിധാൻസൗധയിൽ പ്രതിഷ്ഠിച്ചത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.