ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. സോമൻ കടലൂർ, അനുരാധ നാലപ്പാട്, എസ്. സജി
ബംഗളൂരു: നഗരത്തിലെ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സർഗസംഗമം ഈ വർഷം ഈസ്റ്റ് കൾചറൽ അസോസിയേഷന്റെ (ഇ.സി.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരള സമാജത്തിന്റെ ജൂബിലി സ്കൂളിൽ തുടക്കം കുറിച്ച സർഗസംഗമത്തിന്റെ രണ്ടാം അധ്യായമാണ് ഇ.സി.എയിൽ അരങ്ങേറുന്നത്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. സോമൻ കടലൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല, എസ്. സജി എന്നിവർ അതിഥികളാവും. 125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം പ്രകാശനം ചെയ്യും. കെ.ആർ. കിഷോർ പുസ്തകപരിചയം നടത്തും.
കവയിത്രി ബാലാമണിയമ്മയുടെ പേരക്കുട്ടിയും എഴുത്തുകാരി മാധവിക്കുട്ടിയുടെ സഹോദരിപുത്രിയുമായ അനുരാധ നാലപ്പാട് ആദ്യപ്രതി മുഖ്യാതിഥിയിൽനിന്ന് സ്വീകരിക്കും. നഗരത്തിലെ എഴുത്തുകാർ, സാഹിത്യാസ്വാദകർ, കർണാടക-കേന്ദ്ര സാഹിത്യ അക്കാദമികളുടെ അവാർഡ് ജേതാവായ സുധാകരൻ രാമന്തളി, മുൻ ഡി.ജി.പിമാരായ എ.ആർ. ഇൻഫാന്റ്, ജിജ ഹരിസിങ്, സിനിമ സംവിധായകനായ പ്രകാശ് ബാരെ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശ്ശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, സി.പി. രാധാകൃഷ്ണൻ, ദൂരവാണിനഗർ കേരള സമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, പി. ദിവാകരൻ, ബാംഗ്ലൂർ കേരളസമാജം അധ്യക്ഷൻ എം. ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, കൈരളീ നിലയം സെക്രട്ടറി പി.കെ. സുധീഷ്, ഇ.സി.എ. ഭാരവാഹികളായ അധ്യക്ഷൻ വേണു രവീന്ദ്രൻ, സെക്രട്ടറി ജയരാജ് മേനോൻ, സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങി നഗരത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ അണിചേരും. പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവ ഉണ്ടായിരിക്കും.
വിഷ്ണുമംഗലം കുമാർ ചെയർമാനും എസ്.കെ. നായർ ജനറൽ കൺവീനറും ഡോ. സുഷമ ശങ്കർ കോഓഡിനേറ്ററുമായ 21 അംഗ സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്. വിശദ വിവരങ്ങൾക്ക്: 9591922522.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.