സിദ്ധരാമയ്യ
ബംഗളൂരു: സംസ്ഥാനത്ത് നില നില്‍ക്കുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കുന്നതിന് മറ്റു രാജ്യങ്ങളിൽ നിന്ന് എൽ.പി.ജി ഇറക്കുമതി ചെയ്യുന്നത് ഉൾപ്പെടെയുള്ള ബദൽ നടപടികൾ തേടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എൽ.പി.ജിയുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്.
എൽ.പി.ജി വിതരണ തടസം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. വിതരണത്തിൽ തടസമുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ എൽ.പി.ജി ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന സംസ്ഥാന ബി.ജെ.പി നേതാക്കളുടെ വിമർശനത്തിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയോട് പോറ്റമ്മ മനോഭാവം കാണിക്കുന്നത് കൊണ്ടാവാം വിതരണത്തില്‍ തടസം നേരിടുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകക്ക് എൽ.പി.ജി വിതരണം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം രാജ്യത്ത് എൽ.പി.ജി. പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വാണിജ്യ എൽ.പി.ജി. സിലിണ്ടർ വിതരണത്തിന്‍റെ 25 ശതമാനമെങ്കിലും ഹോട്ടൽ വ്യവസായത്തിന് നൽകണമെന്ന് മൈസൂരു ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. നഗരത്തിൽ ഏകദേശം 1,500 ഹോട്ടലുകൾ ഉണ്ട്. അവയിൽ 10 ശതമാനവും വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇല്ലാത്തതിനാൽ പൂട്ടി. ഇലക്ട്രിക് ഇൻഡക്ഷൻ സ്റ്റൗകളുടെയും വിറകിന്‍റെയും ഉപയോഗം വർധിച്ചിട്ടുണ്ടെങ്കിലും ഇത് ശാശ്വതമായ പരിഹാരമല്ല. സര്‍ക്കാര്‍ എൽ.പി.ജി സിലിണ്ടർ വിതരണം സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് സി. നാരായണഗൗഡ വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു.
സിലിണ്ടർ പ്രതിസന്ധി ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍ ഹോട്ടലുകള്‍ ബുക്കിങ് ഒഴിവാക്കുകയാണ്. പൊതുമേഖലാ എണ്ണ-മാർക്കറ്റിങ് കമ്പനികൾ ഒഴികെ ആറ് സ്വകാര്യ കമ്പനികൾ നിലവിൽ എൽ.പി.ജി സിലിണ്ടറുകൾ വിൽക്കുന്നുണ്ട്. എന്നാൽ സ്വകാര്യ കമ്പനികൾ ഏകദേശം 4,000 രൂപക്കാണ് സിലിണ്ടറുകൾ വിൽക്കുന്നത്. ഇത് ഹോട്ടലുടമകൾക്ക് താങ്ങാവുന്നതിനപ്പുറമാണ്. അതിനാല്‍, ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന്‍റെ വിലയും പാചക മെനുവും പരിഷക്കരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി എ.ആർ. രവീന്ദ്രഭട്ട്, സംസ്ഥാന കമ്മിറ്റി അംഗം അരുൺകുമാർ, സുബ്രഹ്മണ്യ തന്ത്രി എന്നിവർ വാര്‍ത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.