റീൽസിനായി അച്ഛനെ ചാക്കിലാക്കി 'കൊറിയർ' അയക്കാൻ ശ്രമം; പിന്നീട് സംഭവിച്ചത് !

ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്തവരുടെ കാലത്ത്, ബംഗളൂരുവിൽനിന്ന് പുറത്തുവരുന്നത് അവിശ്വസനീയമായ ഒരു വാർത്തയാണ്. സ്വന്തം പിതാവിനെ ചാക്കിൽ കെട്ടി കൊറിയർ അയക്കാൻ ശ്രമിച്ച യുവതിയും കുടുംബവുമാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായത്. ഉഗാദി, റംസാൻ ആഘോഷങ്ങൾ പ്രമാണിച്ച് ബസ് ടിക്കറ്റുകൾ കിട്ടാനില്ലെന്നും അതിനാൽ 'ആളെ കൊറിയർ അയക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും' കാണിക്കുന്ന റീൽസ് ചിത്രീകരിക്കാനായിരുന്നു ഈ സാഹസം.

ബംഗളൂരുവിലെ വ്യാളികാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊറിയർ ഓഫിസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചൊവ്വാഴ്ച ഉച്ചയോടെ യുവതിയും ഭർത്താവും മാതാവും ഉൾപ്പെടെ അഞ്ചംഗ സംഘം വലിയൊരു കെട്ടുമായി ഓഫിസിലെത്തി. പാഴ്സലിനുള്ളിൽ എന്താണെന്ന ജീവനക്കാരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കുടുംബം ഒഴിഞ്ഞുമാറി. സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നു നോക്കിയപ്പോൾ കണ്ടത് ശ്വാസം കിട്ടാതെ പിടയുന്ന വയോധികനെയാണ്.

ഞെട്ടിപ്പോയ ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പിടിക്കപ്പെട്ടിട്ടും തങ്ങൾ കഷ്ടപ്പെട്ട് ഇത്രയും ദൂരം വന്നതാണെന്നും പാഴ്സൽ സ്വീകരിക്കണമെന്നും പറഞ്ഞ് കുടുംബം ജീവനക്കാരുമായി തർക്കിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുടുംബത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തങ്ങളുടെ പ്രവർത്തി നിരുത്തരവാദപരമായിപ്പോയെന്ന് സമ്മതിച്ച കുടുംബം, മാപ്പപേക്ഷിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്. ഇത്തരം അപകടകരമായ സ്റ്റണ്ടുകൾ ആവർത്തിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകി ഇവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - An attempt was made to send a 'courier' with my father in a sack for reels; what happened next!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.