സിദ്ധരാമയ്യ
ബംഗളൂരു: നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തിയതിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മന്ത്രിസഭ സഹപ്രവർത്തകരെ വിമർശിച്ചു. ഈ വീഴ്ച സർക്കാറിന് നാണക്കേടുണ്ടാക്കുകയും സഭയുടെ അന്തസ്സിനെ തകർക്കുകയും ചെയ്തുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പതിനാറാം കർണാടക നിയമസഭയുടെ സെഷനുകളിലായി എം.എൽ.എമാർ ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്ന് എല്ലാ മന്ത്രിമാരെയും അഭിസംബോധന ചെയ്ത കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി, വകുപ്പുകളും ഉദ്യോഗസ്ഥരും ഉടനടി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു.
16ാമത് കർണാടക നിയമസഭയുടെ (2023-26) ഒന്നാം സെഷൻ മുതൽ ഒമ്പതാമത് സെഷൻ വരെ ഉത്തരം ലഭിക്കാത്ത വകുപ്പു തിരിച്ചുള്ള ചോദ്യങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 2026 മാർച്ച് 16ന് നടന്ന നിയമസഭ സമ്മേളനത്തിലെ കണക്കനുസരിച്ച്, 245 ചോദ്യങ്ങളിൽ 90 എണ്ണത്തിന് മാത്രമേ ഇതുവരെ ഉത്തരം ലഭിച്ചിട്ടുള്ളൂ വെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പരാജയപ്പെടുന്നത് നിയമസഭാംഗങ്ങൾ സഭാ നടപടികളിൽ ഫലപ്രദമായി പങ്കെടുക്കുന്നതിൽ നിന്ന് തടസ്സപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇത് സർക്കാരിന് ഗുരുതര നാണക്കേട് ഉണ്ടാക്കുക മാത്രമല്ല, നിയമസഭാംഗങ്ങളുടെ അവകാശങ്ങളെയും സഭയുടെ അന്തസ്സിനെയും ദുർബലപ്പെടുത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ അഭൂതപൂർവമായ ഒരു സംഭവവികാസത്തിന് ഒരു ദിവസത്തിന് ശേഷമാണ് കത്ത് വരുന്നത്, സർക്കാർ വകുപ്പുകൾ നൽകിയ അപര്യാപ്തമായ മറുപടികളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ യു.ടി. ഖാദർ തിങ്കളാഴ്ച നടപടികൾ നിർത്തിവച്ച് ഇറങ്ങിപ്പോയി.
ചെയറിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് ആർ. അശോക ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
തിങ്കളാഴ്ച നടന്ന സമ്മേളനത്തിൽ, നക്ഷത്രചിഹ്നമിടാത്ത 200-ലധികം ചോദ്യങ്ങൾക്ക് 84 രേഖാമൂലമുള്ള മറുപടികൾ മാത്രമാണ് ആഭ്യന്തരമന്ത്രി ജി പരമേശ്വര സഭയിൽവെച്ചത്. ഇത് സ്പീക്കറിൽനിന്നും പ്രതിപക്ഷത്തിൽനിന്നും രൂക്ഷമായ പ്രതികരണത്തിന് കാരണമായി.
മന്ത്രിമാരും ഉദ്യോഗസ്ഥരും ശരിയായ വിശദീകരണങ്ങൾ നൽകുന്നതുവരെ സഭ നടത്തില്ലെന്ന് ഖാദർ പറഞ്ഞിരുന്നു. തിങ്കളാഴ്ച നടന്ന യോഗത്തിൽ സ്പീക്കർ ഈ വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചെന്ന് സിദ്ധരാമയ്യ തന്റെ കത്തിൽ പറഞ്ഞു.
നിയമസഭക്ക് കൃത്യസമയത്ത് മറുപടികൾ അയക്കുന്നതിൽ പരാജയപ്പെട്ടതിന് വകുപ്പ് സെക്രട്ടറിമാർ ഉടൻ വിശദീകരണം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. കൂടാതെ, മറുപടികൾ ഇപ്പോഴും തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ, വിവരങ്ങൾ നൽകുന്നതിന് ഒരു നിശ്ചിത സമയപരിധി നൽകി ബന്ധപ്പെട്ട എം.എൽ.എമാർക്ക് വകുപ്പുകൾ പ്രത്യേകം എഴുതണമെന്ന് അദ്ദേഹം നിർദേശിച്ചു.
കെട്ടിക്കിടക്കുന്ന കാര്യങ്ങൾ പരിഹരിക്കുന്നതിനും ആവർത്തിക്കാതിരിക്കുന്നതിനും നോട്ടീസ് പുറപ്പെടുവിക്കുക, തെറ്റുപറ്റിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുക തുടങ്ങിയ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ സഭയിൽ നൽകിയ ഉറപ്പിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.