സ്പീക്കർ യു.ടി. ഖാദർ
ബംഗളൂരു: എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് സർക്കാർ വകുപ്പുകളിൽ നിന്ന് രേഖാമൂലമുള്ള മറുപടികൾ ലഭിക്കാത്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ തിങ്കളാഴ്ച സഭ നിർത്തിവെച്ചു. ബന്ധപ്പെട്ട മന്ത്രിമാരും സെക്രട്ടറിമാരും വിശദീകരണം നൽകുന്നതുവരെ സഭ നടത്തില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എം.എൽ.എമാർ സമർപ്പിച്ച 230 ചോദ്യങ്ങൾക്ക് ആഭ്യന്തരമന്ത്രി ജി. പരമേശ്വര 84 രേഖാമൂലമുള്ള മറുപടികൾ മേശപ്പുറത്ത് വച്ചതിന് ശേഷമാണ് സ്പീക്കറുടെ നീക്കം.
എം.എൽ.എമാരുടെ ഏതാനും ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകിയതിനെതിരെ ഖാദർ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും വെള്ളിയാഴ്ച സർക്കാറിനെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. നിയമസഭാംഗങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നല്‍കണമെന്ന് കഴിഞ്ഞ ആഴ്ചയും സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ഉൾപ്പെടെയുള്ള പ്രതിപക്ഷ ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.
ഈ സെഷന്‍ നിയമസഭാംഗങ്ങൾക്കാണ് വേണ്ടിയാണ്. അവരുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരണം. എല്ലാ പാർട്ടികളിലെയും നിയമസഭാംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കും. അവയിൽ 15 ചോദ്യങ്ങൾക്ക് മാത്രമേ ദിവസവും സഭയിൽ നിന്ന് നേരിട്ട് ഉത്തരം നൽകേണ്ടതുള്ളൂ. ശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ എം.എൽ.എമാർ എന്തിനാണ് സഭയിലേക്ക് വരുന്നതെന്നും സ്പീക്കര്‍ ചോദിച്ചു.
ചെയറിൽ നിന്ന് നാല് തവണ വ്യക്തമായ ഉത്തരവുകൾ ലഭിച്ചിട്ടും മന്ത്രിമാരുടെ പ്രതികരണത്തില്‍ മാറ്റമില്ല. ബന്ധപ്പെട്ട മന്ത്രിമാരും സെക്രട്ടറിമാരും ശരിയായ വിശദീകരണം നൽകുന്നതുവരെ സഭ നടത്തുകയില്ലെന്ന് പറഞ്ഞുകൊണ്ട് സ്പീക്കര്‍ സഭ നിർത്തിവെക്കുകയായിരുന്നു. സഭ പുനരാരംഭിച്ചപ്പോൾ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ചേർന്നതായും എം.എൽ.എമാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.