നാ​ഗ​ർ​ഹോ​ളെ​യി​ലും ബ​ന്ദി​പ്പൂ​രി​ലും സ​ഫാ​രി നി​ർ​ത്തി​വെ​ച്ചു

ബംഗളൂരു: മൈസൂരു ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചതിനെത്തുടർന്ന് നാഗർഹോളെ, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ സഫാരി നിർത്തിവെച്ചു. വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. വെള്ളിയാഴ്ചയാണ് ഹാലെ ഹെഗ്ഗുഡിലു ഗ്രാമത്തിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ചൗധയ്യ നായിക്കിനെയാണ് (35) കടുവ ആക്രമിച്ചത്. ജില്ലയിൽ ഒരു മാസത്തിനിടെ മൂന്ന് കർഷകരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടുന്നതുവരെ സഫാരിയും മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളിലെ ട്രക്കിങ്ങും താൽക്കാലികമായി നിർത്തിവെക്കാനാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ചീഫ് വൈൽഡ്‌ലൈഫ് വാർഡനും വനം മന്ത്രിയുടെ നിർദേശം.

കടുവയെ പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈൽഡ്‌ ലൈഫ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പ്രോജക്ട് ടൈഗർ ഡയറക്ടർ എന്നിവർക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. സഫാരി ഡ്യൂട്ടികളിൽ നിയോഗിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും വാഹന ഡ്രൈവർമാരെയും ജീവനക്കാരെയും ദൗത്യത്തിന് നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് വനമേഖലകളിൽ മനുഷ്യ- വന്യജീവി സംഘർഷം വർധിക്കുകയാണ്. രണ്ടുമാസം മുമ്പ് എം.എം ഹിൽസിൽ അഞ്ച് കടുവകൾ വിഷം അകത്തുചെന്ന് ചത്തിരുന്നു. ഇതിനു പിന്നാലെയാണ് മൈസൂരു ജില്ലയിലെ കടുവ ആക്രമണം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സഫാരി നിർത്തിവെക്കുമെന്ന് വനംവകുപ്പ് ജീവനക്കാരുടെ യോഗത്തിൽ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Safari stopped in Nagarhole and Bandipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.