ബംഗളൂരു: ചാന്ദ്രപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചതിൽ ഐ.എസ്.ആർ.ഒ അഭിനന്ദനങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.30നാണ് റഷ്യൻ വിക്ഷേപണ കേന്ദ്രമായ വാസ്ടോക്നി കോസ്മോഡ്രോമിൽ നിന്നും സൂയസ് 2.1 ബി റോക്കറ്റ് ലൂണ -25 പേടകവുമായി കുതിച്ചത്. 47 വർഷത്തിന് ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമാണിത്. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവ സംബന്ധിച്ച പഠനമാണ് റഷ്യയുടെ ലക്ഷ്യം. അഞ്ചര ദിവസം കൊണ്ട് ലൂണ-25 ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. ശാസ്ത്രീയ പഠനങ്ങൾക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ഇതിന്റെ ലാൻഡറിലുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനാണ് റഷ്യയുടെ ശ്രമം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക എന്നതാണ് ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെയും ലക്ഷ്യം. ആഗസ്റ്റ് 21നോ 22നോ ആണ് ലൂണ ലാൻഡിങ്ങിന് ശ്രമിക്കുക. ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ് 23നാണ്. ലൂണയുടെ വിജയകരമായ വിക്ഷേപണത്തിന് ‘റോസ്കോസ്മോസി’നെ അഭിന്ദനിച്ച് ഐ.എസ്.ആർ. ഒ ട്വീറ്റ് ചെയ്തു. റഷ്യയുടെ ബഹിരാകാശ വിഭാഗമായ സ്റ്റേറ്റ് സ്പേസ് കോർപറേഷന്റെ ചുരുക്കപ്പേരാണ് റോസ്കോസ്മോസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.