ബംഗളൂരു: രക്ഷിതാക്കളുടെ ആവർത്തിച്ചുള്ള അഭ്യർഥന പരിഗണിച്ച് 2025-26 അധ്യയന വർഷത്തേക്ക് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന കുറഞ്ഞ പ്രായപരിധി സംസ്ഥാന സർക്കാർ ഇളവ് ചെയ്തതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ബുധനാഴ്ച ബംഗളൂരുവിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2025 ജൂൺ ഒന്നിന് അഞ്ച് വയസ്സും അഞ്ച് മാസവും പ്രായമുള്ള കുട്ടികൾക്ക് ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
എന്നാൽ, 2026-27 അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് പൂർത്തിയാക്കിയിരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രായപരിധിയിൽ ഇളവ് ഉണ്ടെങ്കിലും ഒന്നാം ക്ലാസിൽ ചേരുന്നതിന് മുമ്പ് കുട്ടികൾ അപ്പർ കിൻഡർഗാർട്ടൻ(യു.കെ.ജി) പൂർത്തിയാക്കിയിരിക്കണമെന്ന് മധു ബംഗാരപ്പ വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസ നയ കമീഷന്റെ ശിപാർശകളുടെയും രക്ഷിതാക്കളുടെ അഭ്യർഥനകളുടെയും അടിസ്ഥാനത്തിൽ ഈ അധ്യയന വർഷത്തേക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറു വയസ്സായി നിശ്ചയിച്ചത് രക്ഷിതാക്കളിൽ ആശങ്കയേറ്റിയിരുന്നു. യു.കെ.ജി പൂർത്തിയാക്കിയ കുട്ടികൾക്ക് വീണ്ടും ഒരു വർഷം കൂടി നഷ്ടപ്പെടുമെന്നതായിരുന്നു രക്ഷിതാക്കളുടെ ആശങ്കക്ക് കാരണം. പ്രീപ്രൈമറി തലത്തിൽ വിദ്യാർഥികൾ അഡ്മിഷൻ നേടിയ ശേഷമായിരുന്നു സർക്കാർ തീരുമാനം വന്നത്.
ഇതു ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പരാതി ഉന്നയിച്ചപ്പോഴാണ് തൽക്കാലം ഈ വർഷം പ്രായപരിധി പഴയപോലെ തുടരാൻ ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചത്. അടുത്ത വർഷം മുതൽ ആറാം വയസ്സിൽ കുട്ടികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുംവിധത്തിൽ എൽ.കെ.ജി, യു.കെ.ജി തലത്തിലെ അഡ്മിഷൻ നടപടികൾ രക്ഷിതാക്കൾ ക്രമീകരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.