ബംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷമായി ശൈശവ വിവാഹങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ജസ്റ്റ് റൈറ്റ് ഫോർ ചിൽഡ്രൻ (ജെ.ആർ.സി) റിപ്പോർട്ട്. കർണാടകയിൽ ശൈശവ വിവാഹത്തിലേർപ്പെടുന്ന പെൺകുട്ടികളിൽ 55 ശതമാനവും ആൺകുട്ടികളിൽ 88 ശതമാനവും കുറവ് രേഖപ്പെടുത്തി.
ഇന്ത്യയിലാകമാനം ശൈശവ വിവാഹ നിരക്ക് പെൺകുട്ടികളിൽ 69 ശതമാനവും ആൺകുട്ടികളിൽ 72 ശതമാനവുമാണ് കുറവ്. 2011 സെൻസസ് പ്രകാരം കർണാടകയിൽ 4.8 ലക്ഷം ശൈശവ വിവാഹങ്ങൾ നടന്നു. 2019 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം 783 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്.സർക്കാറിന്റെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സെന്റർ ഫോർ ലീഗൽ ആക്ഷൻ ആൻഡ് ബിഹേവിയറൽ ചേഞ്ച് ഫോർ ചിൽഡ്രൻ(സി-ലാബ്) ആണ് റിപ്പോർട്ട് തയാറാക്കിയത്.
കർണാടകയിൽ ജെ.ആർ.സി 14 ജില്ലകളിലെ എൻ.ജി.ഒയുമായി സഹകരിച്ച് ശിശു സംരക്ഷണത്തിന് തുടക്കം കുറിച്ചിരുന്നു. കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനുകളേക്കാൾ ഹെൽപ് ലൈനുകൾ, ശിശുക്ഷേമ സമിതികൾ എന്നിവയെയാണ് സംസ്ഥാനം കൂടുതൽ ആശ്രയിച്ചത്. എഫ്.ഐ.ആർ, അറസ്റ്റ് എന്നിവ മുഖേന 50 ശതമാനം വിവരങ്ങൾ ലഭിക്കുന്നുവെങ്കിലും ബോധവത്കരണ പരിപാടികൾ മുഖേനയാണ് ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബോധവത്കരണ കുറവും മാനഭയവുമാണ് റിപ്പോർട്ടുകൾ ലഭിക്കുന്നതിന് തടസ്സം നിൽക്കുന്നത്. എൻ.ജി.ഒകളാണ് 78 ശതമാനം കാമ്പയിനും നേതൃത്വം നൽകിയത്. ശൈശവ വിവാഹ നിയമങ്ങൾ കർശനമായി നടപ്പിൽവരുത്തുക, റിപ്പോർട്ടിങ് സംവിധാനം മെച്ചപ്പെടുത്തുക, വിവാഹം നിർബന്ധമായി രജിസ്റ്റർ ചെയ്യുക, ഗ്രാമീണ തലത്തിൽ ബോധവത്കരണം നടത്തുക എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ. കർണാടകയിലെ 151 അടക്കം ഇന്ത്യയിലെ 757 ഗ്രാമങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.