മംഗളൂരു റെയിൽ വികസന ഫണ്ടിന് റെയിൽ ബോർഡിന്റെ കടുംവെട്ട്

മംഗളൂരു: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസന പദ്ധതി ഫണ്ടിൽ റെയിൽവേ ബോർഡിന്റെ കടുംവെട്ട്. നേരത്തെ അനുവദിച്ച 340 കോടി രൂപയിൽനിന്ന് 95 കോടി രൂപയായി കുറച്ചു. ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് നേത്രാവതി ഹാളിൽ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പിയുടെ അധ്യക്ഷതയിൽ നടന്ന ജില്ല വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗത്തിൽ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.

റെയിൽവേ ബോർഡ് ആദ്യ പദ്ധതി പുനഃപരിശോധിക്കുകയും ചെലവ് 100 കോടി രൂപയിൽ താഴെയായി പരിമിതപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തതായി പാലക്കാട് ഡിവിഷൻ അധികൃതർ യോഗത്തെ അറിയിച്ചു. 95 കോടിയുടെ പുതിയ കർമ പദ്ധതിക്ക് യോഗം അംഗീകാരം നൽകി. പുനർവികസന പദ്ധതി പ്രകാരം, സ്റ്റേഷനിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, മെച്ചപ്പെട്ട പാർക്കിംഗ് സൗകര്യങ്ങൾ, മറ്റ് അവശ്യ യാത്രാ സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കും. മംഗളൂരു സെൻട്രലിൽ 23 കോടി രൂപയുടെ പ്രവൃത്തികൾ ഇതിനകം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്ലാറ്റ്‌ഫോം ശേഷി 22 കോച്ചുകളിൽ നിന്ന് 24 കോച്ചുകളായി വർധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു, ഈ പ്രവൃത്തി രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പാണ്ഡേശ്വര്‍ ലെവൽ ക്രോസിംഗിലെ റോഡ് രണ്ട് വരിയിൽ നിന്ന് നാല് വരിയായി വീതികൂട്ടുന്നതിനുള്ള ടെൻഡർ പ്രക്രിയ ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.

നവീകരിച്ച പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ, പാർക്കിങ് ഏരിയകൾ, നവീകരിച്ച സ്റ്റേഷൻ കെട്ടിടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പാഡിലിനും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനും സമീപം പുതിയ റെയിൽവേ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം സംബന്ധിച്ച് ഡിആർഎമ്മും റെയിൽവേ ബോർഡും തമ്മിൽ ചർച്ച ചെയ്തുവരികയാണ്.

Tags:    
News Summary - Railway Board's severe cut to Mangaluru Rail Development Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.